യാത്രാനിരക്ക് വര്‍ധന: സര്‍ക്കാര്‍ നല്ലപിള്ളയല്ല
ബസ്, ഓട്ടോ, ടാക്‌സി യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനോടുള്ള വ്യക്തിപരമായ എതിര്‍പ്പ് തുറന്നുകാട്ടിക്കൊണ്ടു തന്നെ പറയട്ടെ, നിരക്കു കൂട്ടുന്നതിനു കാരണം സര്‍ക്കാര്‍ മാത്രമാണ്. യാത്രാനിരക്ക് വര്‍ധനയുടെ ഉത്തരവാദിത്വം പൊതുവാഹനയുടമകളുടെ തലയില്‍വച്ചുകെട്ടി രക്ഷപ്പെടുന്ന സര്‍ക്കാര്‍ നയം ശരിയല്ല. ഇനിയെങ്കിലും യാത്രക്കാരായ ജനം ഭരണകൂടങ്ങളുടെ ജാലവിദ്യ തിരിച്ചറിയണം.
പൊതുവാഹനയുടമകള്‍ സമരം നടത്തുമ്പോള്‍ മധ്യസ്ഥചര്‍ച്ച നടത്തി സര്‍ക്കാര്‍ സംവിധാനം നല്ലപിള്ള ചമയുകയാണ്. അപ്പോഴും എന്തുകൊണ്ട് ഇങ്ങനെയൊരു സമരമുണ്ടായെന്ന് ആരും ചോദിക്കാറില്ല. കേരളത്തില്‍ വിരലിലെണ്ണാവുന്ന വന്‍കിട ടാക്‌സി മുതലാളിമാര്‍ മാത്രമേയുള്ളു. അവരെ മാറ്റി നിര്‍ത്തിയാല്‍ ഒരു ടാക്‌സി വണ്ടിയും അതിനെ ചുറ്റിപ്പറ്റി ഒരു കുടുംബത്തിലെ മൂന്നോ നാലോ വയറുകളും അതാണ് നിലവിലെ ഈ മേഖലയുടെ സ്ഥിതി.
ഇനി പാവങ്ങളുടെ വയറ്റത്തടിക്കുന്ന ഭരണകൂടം എങ്ങനെ ടാക്‌സിക്കാരനെയും യാത്രക്കാരനെയും ഒരുപോലെ പിഴിയുന്നുവെന്നതിന്റെ മാജിക്ക് കാണിച്ചു തരാം. ടാക്‌സി ജീപ്പ് ഉടമയും ഡ്രൈവറുമായ മോഹനന്‍ എന്ന വ്യക്തിയുമായി നടത്തിയ സൗഹൃദസംഭാഷണത്തിലാണ് അവരുടെ അവസ്ഥ മനസ്സിലാകുന്നത്. ടാക്‌സി ജീപ്പുടമ വാഹനം വാങ്ങിയതിന്റെ പേരില്‍ സര്‍ക്കാരിലേക്കു നല്‍കേണ്ടിവരുന്നതു ലക്ഷങ്ങളാണ്. വര്‍ഷത്തില്‍ ടാക്‌സ് ഇനത്തില്‍ മാത്രം 2800 രൂപ അടയ്ക്കണം. ടാക്‌സ് അടയ്ക്കണമെങ്കില്‍ 800 രൂപയുടെ ക്ഷേമനിധി നിര്‍ബന്ധമായും അടച്ചിരിക്കണമെന്നു വേറൊരു വ്യവസ്ഥയുണ്ട്.
ഇന്‍ഷൂറന്‍സ് അതിലും ഭീകരമാണ്. വാഹനം ഫുള്‍കവര്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ രണ്ടുവര്‍ഷം മുന്‍പുവരെ 14,000 രൂപയില്‍ താഴെയായിരുന്നു വേണ്ടിയിരുന്നത്. കേന്ദ്ര ബജറ്റ് ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തിയതോടെ നിരക്ക് 21,000 രൂപയായി. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും റിലയന്‍സ് ഇന്‍ഷുറന്‍സും അടക്കമുള്ള കുത്തക ഭീമന്മാരാണ് ഈ ഇനത്തില്‍ ലാഭം കൊയ്യുന്നത്. അപകടം സംഭവിച്ച് ക്ലെയിം ചോദിച്ചു ചെന്നാല്‍ നൂലാമാലകള്‍കൊണ്ടു വട്ടം കറക്കും. ചുരുങ്ങിയത്, രണ്ടു വര്‍ഷത്തിലേറെക്കാലം കാത്തിരുന്നാലേ ഇവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുള്ളൂ. മലിനീകരണം, ഗ്രീന്‍ ടാക്‌സ് പെര്‍മിറ്റ് തുടങ്ങി നല്ലൊരു സംഖ്യ മറ്റിനത്തിലും സര്‍ക്കാരിലേക്ക് അടയ്ക്കണം.
വാഹനത്തിന്റെ ഫിറ്റ്‌നസ് ടെസ്റ്റിനായി വര്‍ഷന്തോറും ബ്രേക്ക് എടുക്കാന്‍ 20,000 മുതല്‍ മുകളിലേക്കാണ് ചെലവ് വരിക. പെയിന്റിങ്, ടയര്‍, ഹോണ്‍, വൈപ്പര്‍ തുടങ്ങിയവ കൂടാതെ 8000 രൂപയുടെ സ്പീഡ് ഗവേണര്‍ കൂടി വാഹനത്തില്‍ ഉപയോഗിച്ചാല്‍ മാത്രമെ ആര്‍.ടി.ഒ വണ്ടിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ എന്നാണ് 2017ല്‍ നിലവില്‍ വന്ന നിയമം. റോഡില്‍ പൊലിസ് ചെക്കിങിന്റെ പേരില്‍ അവര്‍ നല്‍കുന്ന പിഴ ഇതില്‍പ്പെടില്ല.
കേരളത്തിലെ 80 ശതമാനം ടാക്‌സി വാഹനങ്ങളും ഓടിക്കുന്നതു സാധാരണക്കാരാണ്. വായ്പയെടുത്താണു പലരും വാഹനം വാങ്ങുന്നത്. ഷോറൂമില്‍ നിന്നിറക്കുന്ന പുതിയ വാഹനങ്ങള്‍ക്കു മാത്രമെ ബാങ്കുകള്‍ വായ്പ നല്‍കൂ. അതിനുതന്നെ 12 മതുല്‍ 16 ശതമാനം വരെ പലിശ ഈടാക്കുകയും ചെയ്യും.
സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നവരാണു ടാക്‌സി മേഖലയില്‍ കൂടുതലും. ഇവയ്ക്കു ബാങ്ക് ലോണ്‍ ലഭിക്കില്ല. വായ്പയ്ക്കായി അവര്‍ ആശ്രയിക്കുന്നതു സ്വകാര്യ ഫൈനാന്‍സ് കമ്പനികളെയാണ്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 8000 മുതല്‍ 15,000 രൂപ വരെയാണ് മാസം ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ തിരിച്ചടവ്. അടയ്ക്കുന്നതില്‍ പകുതിയിലേറെ പലിശയായിരിക്കും. വര്‍ക്ക് ഷോപ്പുകളിലും സ്‌പെയര്‍ പാര്‍ട്‌സ് കടകളിലും ദിനംപ്രതിയാണ് വിലവര്‍ധനവ്. ഇങ്ങനെ ഒരു ടാക്‌സി ജീപ്പ് ഒരു മാസം ഓടണമെങ്കില്‍ 21,000 രൂപയിലേറെയാണ് ചെലവ്.
ഇനി വരവിന്റെ കണക്ക് നോക്കാം. ദിവസം 600 മുതല്‍ 1000 രൂപ വരെയാണ് ഒരു ടാക്‌സിവണ്ടി ഓടിയാല്‍ ലഭിക്കുന്ന മൊത്തം വരുമാനം. ഇതില്‍ ഏകദേശം 350 മുതല്‍ 400 രൂപ വരെ ഇന്ധനത്തിനായി ചെലവാകും. ഇടയ്ക്കിടെ വരുന്ന ഹര്‍ത്താല്‍, ബ്രേക്ക് ഡൗണ്‍ എന്നിവകൂടിയാകുമ്പോള്‍ വരുമാനം വീണ്ടും ഇടിയും. ഇങ്ങനെ വരുമ്പോള്‍ പ്രതിമാസം 12,000 മുതല്‍ 16,000 വരെയാണ് വരുമാനം. എന്നുവച്ചാല്‍ അടവും മറ്റും കഴിഞ്ഞാല്‍ 4000 രൂപയില്‍ കൂടുതല്‍ നഷ്ടം. എന്നിട്ടും ഒരു കുടുംബത്തെ അവര്‍ തള്ളിക്കൊണ്ടു പോകുന്നുണ്ട്.
ഇവിടെയാണ് സര്‍ക്കാരിന്റെ മാജിക്ക്. ടാക്‌സും മറ്റും വര്‍ധിപ്പിച്ച് തൊഴിലാളികളെ അവര്‍ സമരരംഗത്തേക്ക് ഇറക്കി വിടും. എന്നിട്ട് നിരക്ക് വര്‍ധിപ്പിക്കും. ഇത് അംഗീകരിക്കാതെ വരുമ്പോള്‍ കടുംപിടിത്തം കാണിച്ചും പെര്‍മിറ്റ് റദ്ദാക്കിയും നാടകം കളിക്കും. ഇതോടെ പൊതുജനം ഫ്‌ളാറ്റ്! സര്‍ക്കാര്‍ ജനത്തിനൊപ്പം എന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയാല്‍ പറഞ്ഞതിലും 50 പൈസ കൂട്ടി തൊഴിലാളികളുടെ കണ്ണിലും പൊടിയിടും.
ഇതോടെ തൊഴിലാളി സംഘടനകളും വരുതിയിലാകും. എന്നാല്‍, ഉയര്‍ത്തിയ ടാക്‌സ് കുറയ്ക്കാന്‍ ഭരണകൂടം തയാറാവുന്നില്ലെന്നതാണു വിചിത്രം. പൊതുജനത്തെയും ടാക്‌സിക്കാരെയും തമ്മിലടിപ്പിച്ച് നടുവില്‍ ഇരുന്ന് കാശുണ്ടാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും നമ്മളില്‍ ഉണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."