സന്തോഷിപ്പിക്കുന്നതിലെ സന്തോഷം
നഗരവാസികളായ അച്ഛനും മകനും ഗ്രാമീണ ജീവിതം കാണാനിറങ്ങിയതായിരുന്നു. തങ്ങള്‍ ഇക്കാലമത്രയും പരിചയിച്ചുപോന്നതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ അന്തരീക്ഷം. പലതും അവരില്‍ വല്ലാത്ത കൗതുകമുണ്ടാക്കി. അച്ഛന്‍ ഓരോന്നും മകനു വിശദീകരിച്ചുകൊടുത്തു. അങ്ങനെ പാടവരമ്പത്തുകൂടെ നടന്നുപോകുമ്പോഴാണു പഴയ രണ്ടു ചെരിപ്പുകള്‍ കണ്ടത്. അതാരുടേതാണെന്നറിയാന്‍ ചുറ്റും നോക്കിയപ്പോഴാണു വെയില്‍ വകവയ്ക്കാതെ പാടത്തെ ചെളിയിലിറങ്ങി പണിയെടുക്കുന്ന ഒരു വൃദ്ധനെ കണ്ടത്. ചെരിപ്പ് പുള്ളിയുടേതാണെന്ന് അവര്‍ക്കു മനസിലായി. അയാളിപ്പോള്‍ പണി കഴിഞ്ഞ് ഇങ്ങോട്ടു വരും.
മകന് ഒരു കുസൃതി തോന്നി. അവന്‍ അച്ഛനോട് പറഞ്ഞു: ''അച്ഛാ, നമുക്കയാളെ ചെറുതായൊന്ന് വട്ടം കറക്കിയാലോ...?''
അച്ഛന്‍ ചോദിച്ചു: ''എങ്ങനെ...?''
''അയാളുടെ ചെരിപ്പ് ഒളിപ്പിച്ചുവയ്ക്കുക. ചെരിപ്പെടുക്കാന്‍ വരുമ്പോള്‍ അയാളെന്തു ചെയ്യുന്നുവെന്നു നമുക്ക് ഒളിഞ്ഞിരുന്നു നോക്കാം. അയാളുടെ അമ്പരപ്പും വെപ്രാളവും ഒന്നു കാണാമല്ലോ..''
വലിയ ധനികനാണെങ്കിലും സഹൃദയനായിരുന്ന അച്ഛന്‍ മകനോട് പറഞ്ഞു: ''മോനെ, പാവങ്ങളെ പറ്റിച്ചല്ല സന്തോഷമുണ്ടാക്കേണ്ടത്. നീ ധനികനാണ്. നിനക്കിപ്പോള്‍ അതിനെക്കാളേറെ സന്തോഷം പകരുന്ന ഒരുപായം ഞാന്‍ പറഞ്ഞുതരാം..''
ഇതു പറഞ്ഞ് അച്ഛന്‍ തന്റെ കീശയില്‍നിന്ന് പതിനായിരം രൂപയെടുത്ത് മകന്റെ കൈയില്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: ''നീ ഈ പണം അയാളുടെ ചെരിപ്പിനടിയില്‍ കൊണ്ടുപോയി വയ്ക്ക്. അതു കാണുമ്പോള്‍ അയാള്‍ക്കു സംഭവിക്കുന്നതെന്തെന്നു നമുക്ക് ഒളിഞ്ഞിരുന്നു നോക്കാം.''
അച്ഛന്റെ ഉപായം അവനു വ്യത്യസ്തമായി തോന്നി. അച്ഛന്റെ കൈയില്‍നിന്നു പണം സ്വീകരിച്ച് അവന്‍ ആ ചെരിപ്പിനടിയില്‍ കൊണ്ടുപോയി വച്ചു. ശേഷം ഇരുവരും പരിസരത്തുണ്ടായിരുന്ന പൊന്തക്കാട്ടിലേക്കു മാറിനിന്നു. വൃദ്ധന്‍ പണി കഴിഞ്ഞുവന്നു. തന്റെ ചെരിപ്പിടാന്‍ നോക്കിയപ്പോഴതാ പതിനായിരം രൂപ..! ജീവിതത്തിലന്നേവരെ പതിനായിരം ഒറ്റയടിക്ക് അയാളുടെ കൈയില്‍ വന്നിട്ടില്ല. യാദൃശ്ചികമായി കണ്ട ആ കാഴ്ചയില്‍ അയാളുടെ കണ്ണു തള്ളിപ്പോയി.
അയാള്‍ ചുറ്റും നോക്കി. ആരെയും കണ്ടില്ല. ഇതു ദൈവം തനിക്കു നേരിട്ടെത്തിച്ചതാണെന്നു മനസിലാക്കി അയാള്‍ നമ്രശിരസ്‌കനായി. ഇരുകൈകളും മേല്‍പോട്ടുയര്‍ത്തി അയാള്‍ പ്രാര്‍ഥിച്ചു: ''ദൈവമേ, ആയിരമായിരം നന്ദി. എന്റെ ഭാര്യയ്ക്കു രോഗമാണെന്നും മക്കള്‍ പട്ടിണി കിടക്കുകയാണെന്നും അറിഞ്ഞവനേ, എന്റെ കുടുംബത്തെ നീ രക്ഷപ്പെടുത്തിയല്ലോ.''
കണ്ണീരില്‍ കുതിര്‍ന്ന ആ പ്രാര്‍ഥന കേട്ടപ്പോള്‍ മകന്റെ കണ്ണില്‍നിന്ന് അറിയാതെ തുള്ളികള്‍ വീണു. അച്ഛന്‍ ചോദിച്ചു: ''മോനേ, കണ്ടിട്ട് നിനക്കെന്തു തോന്നുന്നു..?''
''എന്തു പറയണമെന്ന് എനിക്കറിയില്ല. ഈ സന്തോഷത്തെ വാക്കുകളിലൊതുക്കാന്‍ കഴിയുമോ...''
''ഇപ്പോള്‍ മനസിലായില്ലേ എന്താണ് യഥാര്‍ഥ സന്തോഷവും ആനന്ദവുമെന്ന്. അയാളെ പറ്റിച്ചാല്‍ കിട്ടുമായിരുന്ന ആനന്ദത്തെക്കാള്‍ ഇരട്ടിക്കിരട്ടി മധുരമില്ലേ ഈ ആനന്ദത്തിന്...?''
''തീര്‍ച്ചയായും.. ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കാനാവാത്ത പാഠമാണ് ഈ പാടത്തുവച്ച് എനിക്കു കിട്ടിയത്. ജീവിതത്തില്‍ എനിക്കിതുവരെ മനസിലാവാത്ത ചില ആശയങ്ങളുടെ പൊരുളുകള്‍ എനിക്കിപ്പോള്‍ ലഭിച്ചു. എടുക്കുമ്പോഴല്ല, കൊടുക്കുമ്പോഴാണ് യഥാര്‍ഥ സന്തോഷം കൈവരികയെന്ന് ടീച്ചര്‍ ക്ലാസില്‍ പറഞ്ഞിരുന്നു. എനിക്കതെത്രയായിട്ടും മനസിലായിരുന്നില്ല. ഇപ്പോള്‍ മനസിലാവുക മാത്രമല്ല, അനുഭവിക്കാന്‍കൂടി കഴിഞ്ഞു.''
അച്ഛന്‍ പറഞ്ഞു: ''ഇതുതന്നെയാണു മോനെ, ജീവിതം സന്തോഷിച്ചുതീര്‍ക്കണമെന്നു പറഞ്ഞതിന്റെയും പൊരുള്‍..''
സന്തോഷം രണ്ടിനമാണ്. സ്ഥായിയും താല്‍ക്കാലികവും. തിന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒരു സന്തോഷമുണ്ടല്ലോ. അതു താല്‍ക്കാലികമാണ്. ചെയ്തു കഴിയുമ്പോഴേക്കും അതിന്റെ കാലാവധി കഴിഞ്ഞിരിക്കും. എന്നാല്‍ നന്മ ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം സ്ഥായിയാണ്. അതിന്റെ ജ്വാല മരണാനന്തരവും കെടാതെ നില്‍ക്കും.
തിന്മയുടെ സന്തോഷം നശ്വരവും അതിന്റെ പ്രത്യാഘാതങ്ങള്‍ അനശ്വരവുമാണ്. നന്മയുടെ പ്രയാസങ്ങള്‍ നശ്വരവും അതിന്റെ സന്തോഷം അനശ്വരവുമാണ്. മറ്റൊരുത്തനെ കഷ്ടപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന സന്തോഷം കഷ്ടപ്പെടുത്തിക്കഴിയുന്നതോടെ തീരും. എന്നാല്‍ അതുവഴി ഭാവിയില്‍ ഭവിക്കാനിരിക്കുന്ന ഭവിഷ്യത്ത് അതോടെ തീരില്ല. നിങ്ങള്‍ക്കതിലൂടെ ലഭിച്ച സന്തോഷം അവസാനിക്കുന്നിടത്തുനിന്നാണ് അതിന്റെ പ്രയാസവും ദുഃഖവും ആരംഭിക്കുക. ഉടന്‍ ഖേദിച്ചു മടങ്ങിയില്ലെങ്കില്‍ അതു നിങ്ങളെ വിടാതെ പിന്തുടര്‍ന്നിരിക്കും.
മറ്റൊരാളെ സന്തോഷിപ്പിക്കാന്‍ കഴിയുകയെന്നത് അല്‍പം അധ്വാനമാവശ്യമുള്ള കാര്യമായിരിക്കാം. പക്ഷേ, സന്തോഷിപ്പിക്കുന്നതുവരെ മാത്രമേ ആ പ്രയാസം ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാല്‍ നിങ്ങളെ കാത്തിരിക്കുക നിതാന്തമായ സന്തോഷമായിരിക്കും. അതു നിങ്ങള്‍ക്ക് ഇരട്ടി മധുരമായി തിരിച്ചു ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."