മട്ടന്നൂരില്‍ ഇന്ന് വിമാനം രണ്ടു മണിക്കൂര്‍ വട്ടമിട്ട് പറക്കും
മട്ടന്നൂര്‍: മടന്നൂരിന്റെ ആകാശത്ത് ഇന്ന് രണ്ടു മണിക്കൂര്‍ വിമാനം വട്ടമിട്ട് പറക്കും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ട നാവിഗേഷന്‍ ടെസ്റ്റിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുകളിലൂടെ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള ഡോണിയര്‍ വിമാനം പറക്കുക. നാവിഗേഷന്‍ ടെസ്റ്റിന് ശേഷം മാത്രമെ വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കൂ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍പോര്‍ട്ട് അതോറ്റിയുടെ വിമാനം കണ്ണൂരില്‍ എത്തുക. റണ്‍വേയില്‍ ഇറക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നാണ് പരിശോധന. പദ്ധതി പ്രദേശത്ത് സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനവും പരിശോധിക്കും. ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് വിമാനം പറത്തുക. വിമാനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ചും പരിശോധന നടത്തും. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വ്യോമയാന വകുപ്പില്‍ നിന്നുള്ള ലൈസന്‍സുകള്‍ക്കും വേഗത വര്‍ധിക്കും. നാവിഗേഷന്‍ നടപടികള്‍ ഇതിനകം തന്നെ കിയാല്‍ പൂര്‍ത്തീകരിച്ചു. റണ്‍വേയില്‍ വിമാനം ഇറക്കുന്നതിനുള്ള പരീക്ഷണ പറക്കല്‍ ഒരുവര്‍ഷം മുന്‍പ് പദ്ധതി പ്രദേശത്ത് നടത്തിയിരുന്നു.
ഈ മാസം നിര്‍മാണം പൂര്‍ത്തീകരിച്ച് വിവിധ അനുമതികള്‍ ലഭിക്കുന്നതോടെ സെപ്റ്റംബറില്‍ വാണിജ്യ സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പദ്ധതി പ്രദേശത്തിന് സമീപമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ പഠനം ആരംഭിച്ചു. പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലും പാറപ്പൊയില്‍ ലൈറ്റ് അപ്രോച്ച് മേഖലയിലും ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങളാണ് പഠന വിധേയമാക്കുന്നത്. സോഷ്യല്‍ ഇംപാക്ട് വിഭാഗത്തിലെ മൂന്നുപേരാണ് പഠനം നടത്തുന്നത്. നിലവില്‍ മേഖലയിലെ മിക്ക വീടുകളിലും കിണര്‍ വെള്ളം ഉപയോഗയോഗ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇതും പഠന വിധേയമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."