കണ്ണൂര്‍ വിമാനത്താവളം: റഡാര്‍ പരിശോധനാ പറക്കല്‍ വിജയകരം
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം പരിശോധിക്കാനുള്ള വിമാന പറക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനിറേഞ്ച് (ഡി.വി.ഒ.ആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെയുള്ള പ്രവര്‍ത്തനം പരീക്ഷിക്കുന്നതിനായി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരീക്ഷണ വിമാനം പറത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് എയര്‍പോര്‍ട്ട് അതോറ്റിയുടെ വിമാനം കണ്ണൂരില്‍ എത്തിയത്. റണ്‍വേയില്‍ ഇറക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നാണ് പരിശോധന. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് വിമാനം പറത്തിയത്.
പദ്ധതി പ്രദേശത്ത് സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനവും പരിശോധിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്.
വിമാനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ചും പരിശോധന നടത്തി. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വ്യോമയാന വകുപ്പില്‍ നിന്നുള്ള ലൈസന്‍സുകള്‍ക്കും വേഗത വര്‍ധിക്കും. നാവിഗേഷന്‍ നടപടികള്‍ ഇതിനകം തന്നെ കിയാല്‍ പൂര്‍ത്തീകരിച്ചു. റണ്‍വേയില്‍ വിമാനം ഇറക്കുന്നതിനുള്ള പരീക്ഷണ പറക്കല്‍ ഒരുവര്‍ഷം മുന്‍പ് പദ്ധതി പ്രദേശത്ത് നടത്തിയിരുന്നു.
ഈ മാസം നിര്‍മാണം പൂര്‍ത്തീകരിച്ച് വിവിധ അനുമതികള്‍ ലഭിക്കുന്നതോടെ സെപ്റ്റംബറില്‍ വാണിജ്യ സര്‍വിസ് നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പദ്ധതി പ്രദേശത്തിന് സമീപമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ പഠനം ആരംഭിച്ചു. പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലും പാറപ്പൊയില്‍ ലൈറ്റ് അപ്രോച്ച് മേഖലയിലും ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളാണ് പഠന വിധേയമാക്കുന്നത്. സോഷ്യല്‍ ഇംപാക്ട് വിഭാഗത്തിലെ മൂന്നുപേരാണ് പഠനം നടത്തുന്നത്. നിലവില്‍ മേഖലയിലെ മിക്ക വീടുകളിലും കിണര്‍ വെള്ളം ഉപയോഗയോഗ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇതും പഠന വിധേയമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."