ഗുജറാത്ത് ദലിത് ആത്മഹത്യ: റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധക്കാര്‍, ജിഗ്നേഷ് മേവാനി കസ്റ്റഡിയില്‍
അഹമ്മദാബാദ്: രണ്ടു ദിവസം മുന്‍പ് ദലിത് ആക്ടിവിസ്റ്റ് ഭാനുഭായി വനാകര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുജറാത്തില്‍ പ്രതിഷേധം ശക്തമാവുന്നു. അഹമ്മദാബാദ്, ഗാന്ധിനഗര്‍, പത്താന്‍ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും അജ്ഞാതര്‍ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതോടെ നഗരം പൂര്‍ണമായും നിശ്ചലമായി.
അതിനിടെ, പ്രതിഷേധത്തിനു നേതൃത്വം കൊടുത്ത ദലിത് നേതാവ് ജിഗ്നേഷ് മേവാനി എം.എല്‍.എയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കൂടാതെ 70 ദലിത് പ്രവര്‍ത്തകരും കസ്റ്റഡിയിലായിട്ടുണ്ട്.
ആത്മഹത്യ എന്തിന്?
വ്യാഴാഴ്ചയാണ് ഭാനുഭായി കലക്ടറേറ്റ് ഓഫിസില്‍ ആത്മഹത്യ ചെയ്തത്. രണ്ട് ദലിത് തൊഴിലാളികള്‍ക്ക് പത്താനില്‍ അനുവദിച്ച ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആത്മഹത്യ. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉടലെടുക്കുകയും ഭൂമി അനുവദിച്ചു കൊണ്ട് ശനിയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
2016 ജൂലൈയില്‍ ദലിത് യുവാക്കള്‍ക്കെതിരെ ഉനയില്‍ നടന്ന ആക്രമണത്തേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ മേവാനിക്കൊപ്പമുണ്ടായിരുന്നയാളാണ് ഭാനുഭായി. 61 കാരനായ ഇയാള്‍ റെവന്യൂ ക്ലര്‍ക്ക് ആയിരുന്നു.
ഇപ്പോള്‍ സംഭവിക്കുന്നത്
നഗരത്തില്‍ മൂന്ന് കമ്പനി കലാപ വിരുദ്ധ ദ്രുത കര്‍മ സേനയയെയും മൂന്ന് കമ്പനി സ്റ്റേറ്റ് റിസര്‍വ്വ് പൊലിസിനെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം, സമരക്കാരുടെയും മേവാനിയുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി സര്‍ക്കുലര്‍ ഇറക്കി. അതേസമയം, സമാധാനപരമായി സമരം ചെയ്യുകയായിരുന്ന തന്നെ പൊലിസ് അനാവശ്യമായി പിടികൂടിയെന്ന് മേവാനി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."