നീറോ കാണാത്ത വീണ കേരളത്തിലുണ്ട്!
നീറോ ക്ലോഡിയസ് സീസര്‍ അഗസ്റ്റസ് ജര്‍മനിക്കസ്. കക്ഷിയെ നമ്മള്‍ നീറോ ചക്രവര്‍ത്തിയെന്നു ചുരുക്കി വിളിക്കും. കാലങ്ങള്‍ക്കു മുന്‍പ് റോമാ സാമ്രാജ്യം അടക്കിഭരിച്ച നീറോ പക്ഷേ, ഇല്ലാത്തൊരു വീണ വായനയുടെ പേരിലാണ് കുപ്രസിദ്ധനായത്!
പതിനേഴാം വയസില്‍ റോമാ ചക്രവര്‍ത്തിയായ ഈ ഇരട്ടച്ചങ്കന്‍, വെറുമൊരു 'മുഖ്യ'നായിരുന്നില്ല, കലാകാരനായിരുന്നു, പണ്ഡിതനായിരുന്നു, ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ച് അരങ്ങ് 'തകര്‍ത്ത' നടനായിരുന്നു... എന്നാല്‍, നല്ലൊരു ഭരണാധികാരി മാത്രം ആയിരുന്നില്ല!
ക്രൂരനായിരുന്ന നീറോ സ്വന്തം അമ്മയെവരെ കൊന്നെന്നു ചരിത്രം പറയുന്നുണ്ട്, തന്റെ ഭരണകാലത്ത് ക്രിസ്തീയ വിശ്വാസികള്‍ക്കെതിരേ കടുത്ത നടപടികളെടുത്ത നീറോ, റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചാസ്വദിച്ചെന്നാണ് അഭ്യൂഹം!
അതില്‍ തന്നെ രണ്ടു പക്ഷക്കാരുണ്ട്, നീറോ തന്നെ നഗരത്തിനു തീയിട്ട ശേഷം അതാസ്വദിച്ച് വീണ വായിച്ചെന്നും അതല്ല, ഒരാഴ്ചയോളം നീണ്ട തീപിടിത്തം അണയ്ക്കാനാകാതെ വന്നപ്പോള്‍ കലാകാരനായ നീറോ സംഗീതത്തില്‍ മനസമാധാനം തേടിയെന്നും വാദമുണ്ട്. എന്നാല്‍ നീറോ ചക്രവര്‍ത്തി വീണയെന്ന സാധനംതന്നെ കണ്ടിട്ടില്ലെന്നാണ് പ്രബലാഭിപ്രായം, കാരണം അദ്ദേഹത്തിന്റെ മരണത്തിനും 1,500 വര്‍ഷം പിന്നിട്ടാണത്രേ വീണ കണ്ടുപിടിച്ചത്!
അപ്പോള്‍പിന്നെ 'റോമാ നഗരം കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെ'ന്ന ചൊല്ല് എവിടന്നു വന്നു?
അറിയില്ല,
എന്നാല്‍ അന്നു നീറോ കാണാത്ത വീണയും സമയവും സന്ദര്‍ഭവും നോക്കാതെ അതു വായിക്കുന്നവരും ഇന്നിവിടെ കേരളത്തിലുണ്ടെന്നാണ് ജനസംസാരം. പെട്രോള്‍ വില എണ്‍പതിലേക്കെത്തുകയാണ്, പെട്രോളിന് വയസായെന്നാണ് ട്രോളുകള്‍!
കെ.എസ്.ആര്‍.ടി.സി നഷ്ടസ്റ്റാന്‍ഡിലേക്കുള്ള ബോര്‍ഡുംവച്ച് പായുകയാണ്, പെന്‍ഷന്‍കാര്‍ ചിലര്‍ സമരത്തിലാണ്, ചിലര്‍ മരിച്ചു!
വിലക്കയറ്റം, തൊഴിലില്ലായ്മ, ജലദൗര്‍ലഭ്യം, അനീതി തുടങ്ങി ഏതാണ്ടൊക്കെ 'ശരി'യായ മട്ടാണ്. ഇതൊന്നും പോരാഞ്ഞ്, ക്രമസമാധാന നില ഒരു ക്രമവുമില്ലാതെ താഴോട്ടുപോകുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍, വിശ്വാസത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു.
സ്വന്തക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ വേദനിച്ചവരും കേന്ദ്ര നിര്‍ദേശം കാരണം മുഖ്യനെ വിളിച്ചുവരുത്തിയവരുമൊന്നും, ചില വിഷയങ്ങളില്‍ മിണ്ടുന്നില്ല!
ശുഹൈബിന്റെ കൊലപാതകം അവരൊന്നും അറിഞ്ഞമട്ടേയില്ല, നീറോ ചെയ്തതു പോലെ, കലാകാരന്മാരും പണ്ഡിതരും (രാഷ്ട്രീയ) നാടകക്കാരുമായ അവര്‍ നീറോ കാണാത്ത വീണയെടുത്ത്, 'മാണിക്യാ മലരായ പൂവി'ക്ക് താളമിടുകയാണ്!
രണ്ടു കാര്യങ്ങള്‍കൂടിയുണ്ട്,
1. ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും നീറോയ്ക്കു പഠിക്കുകയാണ്, ഗര്‍ഭിണിയായ തന്റെ ഭാര്യ പെപ്പോയെ നീറോ ചവിട്ടിക്കൊല്ലുകയായിരുന്നത്രേ!
2. ഭരണാധികാരിയുടെ നീതി കാണിക്കാത്ത കാര്‍ക്കശ്യക്കാരനും ക്രൂരനുമായിരുന്ന നീറോ, ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നത്രേ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."