അഫ്‌റസുലിന്റെ കൊലപാതകത്തില്‍ ദുഃഖമില്ല; ജയിലില്‍ നിന്ന് വിഡിയോയുമായി പ്രതി
ജോധ്പൂര്‍: രാജസ്ഥാനില്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ ബംഗാള്‍ സ്വദേശി അഫ്‌റസുല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടെരിച്ച സംഭവത്തില്‍ ദുഃഖമില്ലെന്ന് പ്രതി ശംഭുലാല്‍ റെഗര്‍. ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.രണ്ടു വിഡിയോകള്‍ പുറത്തുവിട്ട ഇയാള്‍ വര്‍ഗീയത നിറഞ്ഞ പ്രസ്താവനകളാണ് ഞായറാഴ്ച രാത്രി പുറത്തുവന്ന വിഡിയോയിലൂടെ പറയുന്നത്.
തല മറച്ച് ഇയര്‍ഫോണ്‍ വച്ച് മെബൈലിലൂടെ സംസാരിക്കുന്ന ശംഭുലാല്‍ ഒരു കടലാസില്‍ എഴുതി തയാറാക്കിയ വരികള്‍ വായിക്കുകയാണ്. ജിഹാദികള്‍ക്കെതിരേ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നതടക്കമുള്ള കടുത്ത വര്‍ഗീയതയാണ് ഇദ്ദേഹം പറയുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രണ്ടാമത്തെ വിഡിയോയില്‍ പറയുന്നു.
ഹിന്ദു സ്ത്രീകള്‍ക്കെതിരേയുള്ള ഭീഷണികള്‍ സഹിക്കാനാവില്ല. തന്റെ ജീവിതം തകര്‍ന്നെങ്കിലും ദുഃഖമില്ല. എന്നാല്‍ ആരോപിതയായ സ്ത്രീയും താനും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ മാധ്യമങ്ങളും അധികൃതരും ചിത്രീകരിച്ചതില്‍ ദുഃഖമുണ്ട്. അധികൃതര്‍ വളരെ സുരക്ഷിതമായ ജയിലിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാള്‍ സ്വദേശിയായ വാസുദേവ് ബ്രാമണ്‍ എന്ന സഹതടവുകാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താനുമായി സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ച ഇയാള്‍ ഇസ്‌ലാമിനെ വിമര്‍ശിച്ച്, തന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ തനിക്ക് സംശയമുണ്ട്. യാഥാര്‍ഥ പേരല്ല അദ്ദേഹം തന്നോട് വെളിപ്പെടുത്തിയത്. അയാള്‍ ബ്രാഹ്മണനല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജിഹാദിയാണെന്ന് കരുതുന്ന അദ്ദേഹം തന്നെ കൊലപ്പെടുത്തിയേക്കാമെന്നും ശംഭുലാല്‍ പറയുന്നു.
അതേസമയം ശംഭുലാല്‍ സുരക്ഷാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ഇത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് അത്താരിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഉയര്‍ന്ന സുരക്ഷയുള്ള ജയിലില്‍ എങ്ങനെയാണ് ഫോണ്‍ ലഭ്യമായതെന്ന കാര്യം വ്യക്തമായിട്ടില്ല. ജയിലില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു.
വിഡിയോ ചിത്രീകരിക്കാന്‍ മറ്റൊരാളുടെ ഫോണാണ് ഉപയോഗിച്ചതെന്നാണ് ശംഭുലാലിന്റെ വാദം. എന്നാല്‍ ആരുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ശംഭുലാലിന് ജീവന് ഭീഷണിയില്ലെന്ന് വിക്രം സിങ് പറഞ്ഞു. ശംഭുലാല്‍ പരാമര്‍ശിച്ച സഹതടവുകാരന്‍ ജാതിപരമായി ബ്രാഹ്മണനാണെന്നും മയക്കുമരുന്ന് കൈവശംവച്ചതിനാണ് ഇയാളെ അറസ്റ്റ്‌ചെയ്തതെന്നും വിക്രം സിങ് പറഞ്ഞു. ജയിലിലെ ബാത്ത് റൂമില്‍നിന്നാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തമായതെന്നും ജയില്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് തൊഴിലാളിയായ അഫ്‌റസുലിനെ ശംഭുലാല്‍ മഴുകൊണ്ട് വെട്ടിവീഴ്ത്തി തീയിട്ട് കൊന്നത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് അഫ്‌റസുലിനെതിരേയുള്ള ശംഭുലാലിന്റെ ആരോപണം.
കൊലപാതക ദൃശ്യങ്ങള്‍ തന്റെ ബന്ധുവിനെ ഉപയോഗിച്ച് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റസുല്‍ രാജസമുന്ദറിലെ കരാര്‍ തൊഴിലാളിയായിരുന്നു. ഇവിടെ താമസിച്ചുവരുന്നതിനിടെ ഭാര്യക്കും മൂന്ന് മക്കള്‍ക്കും ജോലിയുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശംഭുലാല്‍ പരാമര്‍ശിച്ച സ്ത്രീയുമായി അഫ്‌റസുലിന് ബന്ധമൊന്നുമില്ലെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."