പുണ്യമാസത്തിനൊരുങ്ങി വിശ്വാസികള്‍
കണ്ണൂര്‍സിറ്റി: ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ പള്ളികളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ചുമരുകള്‍ക്ക് വെള്ളപൂശലും കാര്‍പെറ്റ് മാറ്റലും ഉള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ ആറിനോ ഏഴിനോ ആയിരിക്കും റമദാന്‍ മാസത്തിന് തുടക്കമാകുക. വ്രതമാസത്തില്‍ പള്ളികളില്‍ പകല്‍ സമയങ്ങളില്‍ ആരാധകരുടെ പതിവില്‍ കവിഞ്ഞ തിരക്ക് അ നുഭവപ്പെടും. ശഅ്ബാന്‍ മാസത്തിന്റെ അസ്തമയത്തില്‍ റമദാന്‍ മാസപ്പിറവി മാനത്തു ദൃശ്യമാകുന്നതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മുപ്പത് ദിനരാത്രങ്ങള്‍ പള്ളികളും ഭവനങ്ങളുമെല്ലാം സദാപ്രാര്‍ഥനാനിര്‍ഭരമാകും. വീടുകള്‍ പെയിന്റ് ചെയ്തും കഴുകി വൃത്തിയാക്കിയും പഴയ വീട്ടുപകരണങ്ങള്‍ തുടച്ചും കഴുകിമിനുക്കിയും നോമ്പിനൊരുങ്ങിക്കഴിഞ്ഞു. പഴയകാലത്ത് വീട്ടിലെ തുണികളും പുതപ്പ് പോലുള്ളവയുമെല്ലാം ഒന്നായി എടുത്ത് തൊട്ടടുത്തുള്ള പുഴയിലോ തോട്ടിലോ കൊണ്ടുപോയി അലക്കിയെടുക്കാറാണ് പതിവ്. മനസുപോലെ ചുറ്റുപാടും വൃത്തിയാവണം എന്ന സങ്കല്‍പ്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. അടുക്കളകളും നോമ്പുതുറയ്ക്കുള്ള സജീവമായ ഒരുക്കത്തിലാണ്. അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ക്കും പള്ളികളില്‍ അനുഭവപ്പെടുന്ന വന്‍തിരക്കു മുന്നില്‍ക്കണ്ടു കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പളളിക്കകത്തും പുറത്തും കൂടുതല്‍ സൗകര്യം ഒരുക്കുന്ന തിരക്കിലാണു ജമാഅത്ത് ഭാരവാഹികള്‍. റമദാനിലെ ശ്രേഷ്ഠകര്‍മമായ നോമ്പു തുറപ്പിക്കലിനായി പള്ളികളിലെല്ലാം നേരത്തേ തന്നെ നിരവധി വിശ്വാസികള്‍ ഇതിനോടകം മുന്നോട്ട് വന്നു കഴിഞ്ഞു. പള്ളികളില്‍ നമസ്‌കാരത്തിനും ഇഅ്ത്തിക്കാഫ് ഇരിക്കുന്നവര്‍ക്കുമായി ഖുര്‍ആന്‍ ക്ലാസുകള്‍ എടുക്കുവാനും മിക്ക പള്ളികളിലെ ഇമാമീങ്ങളും സജ്ജമായിക്കഴിഞ്ഞു. തറാവിഹ് നമസ്‌കാരങ്ങള്‍ക്ക് സ്ത്രീകള്‍ക്കു പങ്കെടുക്കാനും പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. റമദാന്‍ വ്രതാനുഷ്ഠാന ദിനങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കായി പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ ഇമാമീങ്ങളെ (ഹാഫിള്)യും മിക്ക പള്ളികളിലും നിയമിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിരവധി റമദാന്‍ പ്രഭാഷണ വേദികള്‍ ഉയര്‍ന്നു കഴിഞ്ഞു. ജൂണ്‍ 12 മുതല്‍ 19 കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ സംസ്ഥാനത്തെ തന്നെ എറ്റവും വലിയ റമദാന്‍ പ്രഭാഷണ പരമ്പരയ്ക്കും ജില്ല സാക്ഷിയാകും. എസ്.കെ.എസ്.എസ്.എഫ് സഹചാരി അക്‌സിഡന്റ് കെയര്‍ സെല്ലിന്റെ കീഴിലാണ് മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നത്. അമ്പതിനായിരത്തില്‍പരം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലുള്ള വേദിയാണ് ഇത്തവണ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."