സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
തിരുവനന്തപുരം: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ യുവാവിനെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മൃഗശാല കാണാനെത്തിയ ഒറ്റപ്പാലം തോണിപ്പാടത്ത് വീട്ടില്‍ മുരുകന്‍(33) ആണ് ലയണ്‍സ് പാര്‍ക്ക് എന്ന സിംഹത്തിന്റെ തുറന്ന കൂട്ടിലേക്ക് എടുത്തു ചാടിയത്.
മദ്യലഹരിയില്‍ സിംഹത്തിനടുത്തെത്തിയ ഇയാളെ വളരെ പണിപ്പെട്ടാണ് ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സിംഹത്തിന്റെ കൂടിനു ചുറ്റുമുള്ള വമ്പന്‍ കമ്പിവേലിയിലേക്കു പിടിച്ചു കയറിയ മുരുകന്‍ പിന്നീട് അരമതിലും ചാടിക്കടന്ന് കൂടിനു ചുറ്റുമുള്ള കിടങ്ങിനു മുകളിലൂടെയും ചാടി ഉള്ളിലെത്തി സിംഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതിനിടെ പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇഴഞ്ഞാണ് സിംഹത്തിനു സമീപത്തേക്കു പോയത്. രണ്ടു വയസുള്ള ഗ്രേസി എന്ന സിംഹത്തിന്റെ കൂടായിരുന്നു ഇത്. അക്രമസ്വഭാവമില്ലാത്തതാണെങ്കിലും മുരുകന്‍ സമീപത്തേക്കു ചെന്നു പ്രകോപിപ്പിച്ചതോടെ സിംഹവും പ്രതികരിച്ചു തുടങ്ങി. അതിനിടെ സന്ദര്‍ശകര്‍ ബഹളം വച്ചതിനെത്തുടന്‍ന്ന് മൃഗശാല ജീവനക്കാര്‍ എത്തി.
മുരുകനോട് തിരികെ വരാന്‍ പറഞ്ഞെങ്കിലും കേട്ട ഭാവം നടിച്ചില്ല. പിന്നീട് ജീവനക്കാര്‍ സിംഹത്തിന്റെ ശ്രദ്ധ മാറ്റി കൂട്ടില്‍ കയറ്റി. മതില്‍ ചാടിക്കടന്ന് മുരുകനെ തൂക്കിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ പൊലിസും അഗ്‌നിശമനസേനയും എത്തി.
ഇതേ കൂട്ടില്‍ ആയുഷ് എന്ന മറ്റൊരു സിംഹം കൂടിയുണ്ട്. എന്നാല്‍ രാവിലെ കൂടുവൃത്തിയാക്കുന്നതിന്റെ ഭാഗമായി അതിനെ പുറത്ത് വിട്ടിരുന്നില്ല. ആയുഷ് പുറത്തുണ്ടായിരുന്നുവെങ്കില്‍ മുരുകനെ രക്ഷിക്കാനാവില്ലായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
ഗ്രേസി ശാന്തസ്വഭാവക്കാരിയാണെന്നും മൃഗശാലയ്ക്കുള്ളില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അക്രമാസക്തയ ാകാറില്ലെന്നും അവര്‍ വ്യക്തമാക്കി. അര്‍ഷാദ്, അരുണ്‍, കിരണ്‍, രാജീവ്, രാധാകൃഷ്ണന്‍, ഉദയലാല്‍, ഷൈജു, ബിജു, സനല്‍ എന്നീ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്.
മുരുകന്‍ മദ്യപിച്ചിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. കാലിന് പരുക്കേറ്റ മുരുകന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം ഫെബ്രുവരി 18ന് മുതല്‍ മുരുകനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പത്രങ്ങളില്‍ പരസ്യവും പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
അതിനു പിന്നാലെയാണു സംഭവം. മുരുകന്‍ മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിക്കുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."