ഉ.കൊറിയക്കെതിരേ അമേരിക്കയുടെ പുതിയ ഉപരോധ നീക്കം
വാഷിങ്ടണ്‍: ഉത്തര കൊറിയയ്‌ക്കെതിരേ പുതിയ ഉപരോധത്തിനു നീക്കവുമായി അമേരിക്ക. ഇതുവരെ ഉ.കൊറിയക്കെതിരേ ഏര്‍പ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ഉപരോധമാണ് അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ടു വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ നല്ല കാലാവസ്ഥ നിലനില്‍ക്കുകയും ഉ.കൊറിയ ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്ത വേളയിലാണു പുതിയ ഉപരോധനീക്കമെന്നതും ശ്രദ്ധേയമാണ്. യു.എസ് ട്രഷറി വകുപ്പാണു പുതിയ ഉപരോധ നടപടികള്‍ തയാറാക്കുന്നത്. ഉ.കൊറിയയ്ക്ക് ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള പണം തടയുക തന്നെയാണ് പുതിയ ഉപരോധത്തിനു പിന്നിലുമുള്ള താല്‍പര്യമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അവര്‍ക്കു ലഭിക്കാനിടയുള്ള റവന്യൂ വരുമാനമാര്‍ഗങ്ങള്‍ എല്ലാം തടയിടുകയാണു ലക്ഷ്യം.
മുന്‍ ഉപരോധങ്ങള്‍ മറികടന്ന് ഉ.കൊറിയയെ സഹായിക്കുന്ന 50ലേറെ കപ്പല്‍ കമ്പനികളെയും വ്യാപാരസംരംഭങ്ങളെയും ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ, അമേരിക്കയില്‍ എത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉ.കൊറിയ പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയെ കൂടുതല്‍ ചൊടിപ്പിച്ചത്.
ദ.കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സ് ആണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കമുണ്ടാക്കിയത്. ഒളിംപിക്‌സില്‍ ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി അടക്കമുള്ള ഉന്നതസംഘം പങ്കെടുത്തിരുന്നു. തിരിച്ച് ദ.കൊറിയന്‍ നേതാവ് മൂണ്‍ ജെ. ഇന്നിനെ ഉ.കൊറിയയിലേക്ക് ഉന്ന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."