എയര്‍പോര്‍ട്ടുകളിലെ പരിഷ്‌കൃത കള്ളന്മാരെ പൂട്ടണം
പരിഷ്‌കൃത വേഷധാരികളായ എയര്‍പോര്‍ട്ട് കള്ളന്മാരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ്.ഇത്തരം കള്ളന്മാരെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം പ്രവാസി കമ്മിഷന്‍ അംഗം ആസാദ് മൂപ്പന്‍ ബാഗേജ് നഷ്ടപ്പെട്ട വടകര കടമേരി അബ്ദുസ്സമദില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.
വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും വിലപിടിപ്പുള്ള രേഖകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സ്വര്‍ണം എന്നിവ ബാഗുകള്‍ കുത്തിക്കീറി കൈക്കലാക്കി സ്വന്തം വീട്ടുകാരെ സന്തോഷിപ്പിച്ചു പോരുന്ന എയര്‍പോര്‍ട്ട് കള്ളന്മാര്‍ ഈ ജോലി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല 'ഇത്തരം വസ്തുക്കളുമായി വീട്ടില്‍ എത്തുന്ന എയര്‍പോര്‍ട്ട് കള്ളന്മാരായ ഭര്‍ത്താക്കന്മാരെയോ മക്കളെയോ ചോദ്യം ചെയ്യാത്ത ഭാര്യമാരും രക്ഷിതാക്കളും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇത്തരം കളളന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇത് വരെ എയര്‍പോര്‍ട്ട് അതോറിറ്റിക്കോ വ്യോമയാന വകുപ്പിനോ കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ പ്രതിഷേധം ഉണ്ടാകുമ്പോള്‍ അന്വേഷണ പ്രഹസനം നടത്തുകയാണ് പതിവ്. ഫെബ്രുവരി 21 ന് ദുബൈയില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാര്‍ക്കാണ് അവരുടെ ബാഗേജില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടത്.21 ന് രാവിലെ കരിപ്പൂരിലെ എയര്‍പോര്‍ട്ടിലെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ദുബൈ വിമാനത്തിലെത്തിയ ആറ് യാത്രക്കാര്‍ക്കാണ് നാല് ലക്ഷത്തോളം രൂപവിലവരുന്ന സാധനങ്ങള്‍ നഷ്ടമായത്. ഇത് സംബന്ധിച്ചു സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്. സ്വര്‍ണം വിദേശ കറന്‍സികള്‍ ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. കസ്റ്റംസ് ഹാളില്‍ നിന്ന് ബാഗുകള്‍ കൈപ്പറ്റുമ്പോള്‍ പലതിന്റേയും പൂട്ടുകള്‍ തകര്‍ന്ന നിലയിലായിരുന്നു. പൂട്ടുകള്‍ അടിച്ചു പൊട്ടിച്ചും സിബ്ബുകള്‍ വലിച്ചു കീറിയുമാണ് വിലയേറിയ വസ്തുക്കള്‍ എയര്‍പോര്‍ട്ട് കള്ളന്മാര്‍ കീശയിലാക്കിയത്.അതിന് ശേഷമാണ് ബാഗേജുകള്‍ പുറത്തെത്തിച്ചത്.കാലിപ്പെട്ടികള്‍ മാത്രം കിട്ടിയ അനുഭവവും പലര്‍ക്കുമുണ്ടായി.
മാസങ്ങള്‍ക്ക് മുമ്പും ഇത് പോലെ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പൊലിസ് സി.സി ടി.വി പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ജീവനക്കാരനായ കള്ളനെ പിടികൂടുകയും ഇയാളെ പിന്നീട് പുറത്താക്കുന്നതിന് പകരം സസ്‌പെന്റ് ചെയ്യുകയാണുണ്ടായത്. അതിന് ശേഷം എയര്‍പോര്‍ട്ട് കള്ളന്മാര്‍ താല്‍ക്കാലികമായി മോഷണം നിര്‍ത്തിയെങ്കിലും പൂര്‍വ്വാധികം ഉത്സാഹത്തോടെ മോഷണം പുനരാരംഭിച്ചിരിക്കുകയാണിപ്പോള്‍. ഇത് വരെ ഉണ്ടായത് ഇടവേളയായിരുന്നുവെന്ന് ചുരുക്കം.
കഴിഞ്ഞ ദിവസത്തെമോഷണം സംബന്ധിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭ റാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍ എന്നിവരുമായി എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയിരുന്നു' എന്നാല്‍ തുടര്‍ നടപടികളൊന്നും എയര്‍പോര്‍ട്ട് അധികാരികളില്‍ നിന്നുണ്ടായതായി അറിവില്ല. 24 അന്താരാഷ്ട്ര സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്നും നടത്തുന്നുണ്ട്.ഇതില്‍ ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നെത്തുന്ന വിമാനയാത്രക്കാരുടെ ലഗേജുകളാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നും നഷ്ടമായതെന്ന് പറയപ്പെടുന്നു. എന്നത് കൊണ്ടു ദുബൈയിലാണ് എയര്‍പോര്‍ട്ട് കള്ളന്മാരുള്ളതെന്ന് കരുതാനാവില്ല. അതൊരു മുന്‍ വിധിയാണ്. ആവശ്യമായ തെളിവുകളൊന്നും കിട്ടിയിട്ടുമില്ല.നേരത്തെ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ മാത്രമായിരുന്നു കള്ളന്മാര്‍ ശ്രദ്ധ കേ ന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് മറ്റു വിമാനങ്ങളിലേക്കും വ്യാപിച്ച് കട്ടെടുക്കല്‍ പ്രക്രിയ വിപുലപ്പെടുത്തിയിരിക്കുകയാണ്. എയര്‍ പോര്‍ട്ട് കള്ളന്മാരെ സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റേയും വിദേശകാര്യ മന്ത്രാലയത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പി. .കെ .കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞിട്ടുണ്ടെങ്കിലും വ്യോമയാന വകുപ്പില്‍ നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുമോ എന്നത് കണ്ടറിയണം. ഉത്സവ വേളകളില്‍ നാട്ടിലേക്ക്മടങ്ങുന്ന പ്രവാസികളുടെ വിമാനക്കൂലിയിനത്തില്‍ കൊള്ളലാഭം കൊയ്യുന്നത് പോലുള്ള ഉത്സാഹം ഇത്തരം വിഷയങ്ങളില്‍ വ്യോമയാന വകുപ്പ് എടുക്കുമോ
പാവപ്പെട്ട പ്രവാസികള്‍ക്കാണ് ഇത്തരം ദുരന്തങ്ങള്‍ ഏറെയും. പ്രവാസി വ്യവസായികളുടെയുംകോടീശ്വരന്‍മാരുടെയും ബാഗേജുകള്‍ എയര്‍പോര്‍ട്ട് കളളന്മാര്‍ കട്ടോണ്ട് പോകാറില്ല. അതവര്‍ക്ക് കാണാന്‍ പോലും പറ്റാറില്ല. രാപകല്‍ എല്ലുമുറിയെ പണിയെടുത്ത് ഓരോ വിയര്‍പ്പു തുള്ളികളും സ്വരുക്കൂട്ടിവച്ച് അതിന് സ്വര്‍ണവും വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും വാങ്ങി വലിയ പ്രതീക്ഷയോടെ നാട്ടില്‍ വിമാനമിറങ്ങുന്ന പ്രവാസിക്ക് കിട്ടുന്നത് പൊട്ടിയ കാലിപ്പെട്ടികളാകുമ്പോള്‍ അതിന്റെ വേദന വിവരണാതീതമായിരിക്കും 'എയര്‍ പോര്‍ട്ടിലെ പരിഷ്‌കൃത കള്ളന്മാര്‍ തങ്ങള്‍ കട്ടെടുക്കുന്ന വസ്തുക്കളില്‍ ഒന്നു മണത്ത് നോക്കട്ടെ പാവപ്പെട്ട പ്രവാസിയുടെ കണ്ണീരുപ്പ് അപ്പോള്‍ അവര്‍ക്കനുഭവപ്പെടും. ഒരുനേരത്തെ വിശപ്പടക്കാന്‍ ഒരു പിടി അരി യെടുത്ത മധു എന്ന പട്ടിണിക്കോലത്തെ തല്ലി ക്കൊല്ലാന്‍ യാതൊരു മടിയുമില്ലാത്ത ആള്‍ക്കൂട്ട പിശാചുക്കള്‍ക്ക് പരിഷ്‌കൃത വേഷം ധരിച്ച് മോഷ്ടിക്കുന്ന എയര്‍പോര്‍ട്ട് കള്ളന്മാര്‍ ഒരു വിഷയമേ അല്ല. ഇവര്‍കട്ടോണ്ട് പോകുന്ന വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോയി കുടുംബക്കാരെ സന്തോഷിപ്പിക്കുന്നതും പൊലിസിന് പ്രശ്‌നമല്ല 'കളവു മുതല്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്ന് പൊലിസിന് അറിയാഞ്ഞിട്ടുമല്ല.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 20 യാത്രക്കാര്‍ക്ക് അവരുടെ ബാഗേജുകള്‍ നഷ്ടമായിട്ടുണ്ട്. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസിനു പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇത് വരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതാണ് കള്ളന്മാര്‍ക്ക് പുലരും വരെ മോഷ്ടിച്ച് രസിക്കുവാന്‍ ഉത്തേജനമാകുന്നത്. പാവങ്ങളായ പ്രവാസികളെ കണ്ണീരു കുടിപ്പിക്കുന്ന എയര്‍പോര്‍ട്ട് കള്ളന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ എയര്‍പോര്‍ട്ട് കള്ളന്മാര്‍ വിമാനത്താവളങ്ങള്‍ കൈയ്യടക്കുന്ന കാലം വിദൂരമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."