സുരക്ഷ ഉറപ്പാക്കാതെ മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: പുത്തന്‍ അറിവുകള്‍ തേടി കുരുന്നുകള്‍ ഇന്ന് വിദ്യാലയത്തിലേക്കെത്തുമ്പോള്‍, സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള വീഴ്ച്ചകള്‍ നിരവധി.
ഒന്നിനും കുറവു വരുത്താതെ പ്രവേശനോദ്ഘാടനം പൊടിപൊടിക്കുമ്പോള്‍, സുരക്ഷയൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച്ച വരുത്തുന്നു. പുതിയ അധ്യായന വര്‍ഷം ഇന്നു തുടക്കം കുറിക്കുമ്പോഴും സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍കരണ പരിപാടി അടക്കമുള്ള നടപടികള്‍ ജില്ലയില്‍ എങ്ങുമെത്തിയില്ല. ജില്ലാ ആര്‍.ടിഓകള്‍ക്ക് ഇതു സംബന്ധിച്ച യാതൊരു നിര്‍ദേശങ്ങളും ഇത്തവണ നല്‍കിയില്ലെന്നതാണ് ഇതിനു കാരണം.
മഴക്കാലമായതിനാല്‍ അപകടങ്ങള്‍ നിരവധിയുണ്ടാകാന്‍ സാധ്യതയുള്ളപ്പോളാണ് അധികൃതര്‍ ഇത്തരത്തില്‍ വീഴ്ച്ച വരുത്തുന്നത്. ഋഷിരാജ്‌സിംഗ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന സമയത്ത് വിഭാവനം ചെയ്ത പല പദ്ധതികളും നിലവില്‍ നിലച്ച അവസ്ഥയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ 2011 മുതലാണ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍കരണ ക്ലാസുകള്‍ ആരംഭിച്ചത്.
അധ്യായനവര്‍ഷം തുടങ്ങുന്നതിനു മുമ്പാണ് ക്ലാസുകള്‍ നല്‍കേണ്ടത്. എന്നാല്‍ അത്തരം കാര്യങ്ങള്‍ ഒന്നും തന്നെ ഇത്തവണ നടന്നില്ല. മുന്‍ വര്‍ഷവും പല ജില്ലകളിലും വളരെ വൈകിയാണ് പരിപാടി നടത്തിയത്.
ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് സ്‌കൂളുകള്‍ക്കും കര്‍ശന മാനദണ്ഡങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവരെ മാത്രമേ ഡ്രൈവറായി നിയമിക്കാവൂ. ഇവരുടെ വിവരങ്ങള്‍ ആര്‍.ടി.ഒകളില്‍ സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. അതിനാല്‍ യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാനും അതുവഴി അപകടങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യതകള്‍ ഏറിയാണെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു.
ബോധവല്‍കരണം അടക്കമുള്ള കര്‍ശന ഇടപെടലുകള്‍ നടത്തിയ വര്‍ഷങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങളുടെ അപകടനിരക്ക് കുറഞ്ഞതായാണ് കണക്ക്. സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നവര്‍ക്ക് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നതും കഴിഞ്ഞ കാലങ്ങളില്‍ പലയിടത്തും അട്ടിമറിക്കപ്പെട്ടതായും അധികൃതര്‍ പറയുന്നു.
സമയം അധിക്രമിച്ചിട്ടും ഈ വര്‍ഷം പരിപാടി നടത്തുന്നതു സംബന്ധിച്ച യാതൊരു നിര്‍ദേശവും വകുപ്പില്‍ നിന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."