ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കും
ദുബൈ: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുള്ളതായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. മുറിവ് എങ്ങനെ സംഭവിച്ചു എന്നത് അവ്യക്തമാണ്. വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുറിവ് വീഴ്ച്ചയിലുണ്ടായതാണോയെന്ന് പരിശോധിക്കും. അങ്ങനെയെന്നു തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കാതെ മൃതദേഹം വിട്ടുകൊടുക്കാനാണ് സാധ്യത.
ശനിയാഴ്ച രാത്രി ഹോട്ടല്‍മുറിയിലുള്ള ബാത്ത്ടബ്ബില്‍ വെള്ളത്തില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഫൊറന്‍സിക് പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഗള്ഫ്മാധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീദേവി മദ്യത്തിന്റെ ആലസ്യത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടല്‍മുറിയിലെ ബാത്ത്ടബില്‍ വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു.
ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറാണ് ഇവരെ ബാത്ത്ടബില്നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, വഴിയില്‍വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.
ശ്രീദേവിയുടേത് അപകടമരണമാണെന്ന് വ്യക്തമായതോടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലിസ് ചോദ്യം ചെയ്തിരുന്നു. കേസന്വേഷിക്കുന്ന ബര്‍ദുബായി പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.
മരണത്തില്‍ സംശയം ബലപ്പെടുന്നതിനാല്‍ മൃതദേഹം ഉടന്‍ വിട്ടുകിട്ടാനുള്ള സാധ്യത കുറവാണ്. മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."