ശമ്പള വര്‍ധനവ് നടപ്പാക്കിയില്ല: കാര്‍ഷിക ശാസ്ത്രജ്ഞര്‍ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: ഏഴാമത് ശമ്പള കമ്മിഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐ.സി.എ.ആര്‍) കീഴിലുള്ള ശാസത്രജ്ഞര്‍ പ്രക്ഷോഭത്തിലേക്ക്. ശാസ്ത്രഗവേഷണ സ്ഥാപനങ്ങളടക്കമുള്ള മറ്റെല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഒരു വര്‍ഷം മുന്‍പ് മുതല്‍ തന്നെ ഏഴാം ശമ്പള കമ്മിഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധനവും ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ ഐ.സി.എ.ആറിന് കീഴിലുള്ള ശാസത്രജ്ഞര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് ഇവര്‍ അരോപിക്കുന്നു.
കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പരിഷ്‌കരിച്ച യു.ജി.സി ശമ്പള സ്‌കെയില്‍ നടപ്പാക്കിയിട്ടും ഐ.സി.എ.ആര്‍ ശാസ്ത്രജ്ഞരോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നതെന്ന് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വിസ് സയന്റിസ്റ്റ് ഫോറം പ്രസിഡന്റും സി.എം.എഫ്.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. പി വിജയഗോപാല്‍ പറഞ്ഞു.
പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും സയന്റിസ്റ്റ് ഫോറം ആവശ്യപ്പെടുന്നുണ്ട്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ്. ഐ.സി.എ.ആര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ആറ് ദിവസമുള്ളത്. ഡല്‍ഹിയിലെ ഐ.സി.എ.ആര്‍ ആസ്ഥാനത്തും ആഴചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തിദിനങ്ങളെന്ന് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വിസ് സയന്റിസ്റ്റ് ഫോറം കൊച്ചി യൂനിറ്റ് സെക്രട്ടറി ഡോ. ശ്യാം എസ്. സലീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."