സഊദിയില്‍ ഒട്ടകങ്ങള്‍ക്ക് ഇ-ചിപ്പ് നിര്‍ബന്ധം
റിയാദ്: സഊദിയില്‍ രാജ്യത്തെ മുഴുവന്‍ ഒട്ടകങ്ങള്‍ക്കും ഇ-ചിപ്പ് നിര്‍ബന്ധമാക്കുന്നു. ഒട്ടകങ്ങള്‍ക്ക് ഇലക്ട്രോണിക് ചിപ്പ് വയ്ക്കാന്‍ ഉടമസ്ഥരെ നിര്‍ബന്ധിക്കാന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് തീരുമാനമെടുത്തത്. പരിസ്ഥിതി മന്ത്രാലയത്തില്‍ മൃഗങ്ങളുടെ വിവരങ്ങള്‍ ആധുനിക രീതിയില്‍ സൂക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.
അലഞ്ഞു തിരിയുന്ന ഒട്ടകങ്ങള്‍ പ്രധാന റോഡുകളില്‍ പ്രവേശിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. മറ്റു മൃഗങ്ങളും ഹൈവേകളില്‍ ധാരാളമായി കാണപ്പെടുന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
ഒട്ടകങ്ങള്‍ അടക്കമുള്ള കാലികളെ നഗരങ്ങള്‍ക്ക് പുറത്തുള്ള എക്‌സ്പ്രസ് പാതകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടും സാമ്പത്തിക, വികസനസമിതി നല്‍കിയ ശുപാര്‍ശയും പുതിയ നീക്കത്തിന് കാരണമായി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാലികള്‍ക്ക് നടപ്പാക്കുന്ന നമ്പറിങ് ആന്‍ഡ് ഇ-രജിസ്‌ട്രേഷന്‍ പദ്ധതി അനുസരിച്ച് ഇ-ചിപ്പ് മുഴുവന്‍ ഒട്ടകങ്ങളിലും ബന്ധിക്കുന്നതിന് ഉടമകളെ നിര്‍ബന്ധിക്കുമെന്ന് മന്ത്രിസഭാ യോഗം വിശദീകരിച്ച സാംസ്‌കാരിക ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അവാദ് അല്‍ അവാദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."