ശുഹൈബ് വധം: ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനാകാതെ പൊലിസ്
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ കൊലയാളി സംഘത്തിലെ നാലു പേര്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാകുന്നു. ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന്റെ പിറ്റേദിവസം മൂന്നു വാളുകള്‍ പൊലിസ് കണ്ടെടുത്തതും ദുരൂഹമാണ്.
അന്വേഷണത്തിന് സി.ബി.ഐ വരേണ്ടതില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കൊലയില്‍ പ്രതികള്‍ക്കെതിരേയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാകാതെയുള്ള അന്വേഷണവും നടപടികളും കേസിനെ ദുര്‍ബലപ്പെടുത്തകയേയുള്ളൂവെന്നാണ് ആശങ്കയുയര്‍ന്നിരിക്കുന്നത്. കൊലയാളി സംഘം സഞ്ചരിച്ച വാഗണര്‍ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞതും കൊല നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ്. അപ്പോഴേക്കും ഈ കാറില്‍ നിന്നു ലഭിച്ചേക്കാവുന്ന തെളിവുകളും നശിപ്പിക്കപ്പെട്ടു. കൊലയാളികള്‍ വാടകയ്‌ക്കെടുത്ത കാര്‍ തിരിച്ചു കൊല നടന്ന സ്ഥലത്തു നിന്നു 40 കിലോമീറ്റര്‍ അകലെയുള്ള പാപ്പിനിശേരിയിലെ ഒരു വീട്ടില്‍ എത്തിച്ചു കൊടുക്കുന്നത് രണ്ടുദിവസം കഴിഞ്ഞാണ്. കൊല നടത്തിയവര്‍ കാര്‍ ഇത്രയും ദിവസം ഒളിപ്പിച്ചിട്ടും ഇത് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല.
കണ്ടെടുത്ത കാര്‍ റെന്‍ഡ് എ കാര്‍ ആയതിനാല്‍ ഉടമ വാട്ടര്‍ സര്‍വിസും മറ്റും ചെയ്തതിനു ശേഷമാണ് കസ്റ്റഡിയില്‍ കിട്ടുന്നത്. പ്രതികളെയും വാഹനത്തേയും ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇല്ലാതെയാണ് കാര്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയില്‍ തൊണ്ടിമുതലായിട്ടുള്ളത്. ഇത് എത്രത്തോളം ശാസ്ത്രീയ തെളിവായി കണക്കാക്കും എന്നത് സംശയമുളവാക്കുന്നതാണ്. കൊലയ്ക്കുപയോഗിച്ചുവെന്നു കരുതുന്ന മൂന്ന് വാളുകള്‍ ഇന്നലെ കണ്ടെത്തിയെങ്കിലും ഇത് ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ തെളിയിക്കാനാകൂ.
അറസ്റ്റിലായ പ്രതികളെ പലതവണ ചോദ്യം ചെയ്തിട്ടും പൊലിസിന് ആയുധങ്ങളെകുറിച്ച് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ പ്രതികള്‍ കൊലക്കു മുന്‍പും ശേഷവും സംഘടിച്ച വെള്ളപറമ്പില്‍നിന്ന് വാളുകള്‍ കണ്ടെടുക്കുകയായിരുന്നു. കൊലയ്ക്കുപയോഗിച്ചെന്നു കരുതുന്ന വാളുകള്‍ കണ്ടെടുത്തെങ്കിലും കൊല നടത്തുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങളോ മറ്റ് തൊണ്ടിമുതലുകളോ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതൊക്കെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും.
പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ പൊലിസ് കേസ് അന്വേഷിക്കുന്നത്. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ സ്വമേധയാ പൊലിസിന് കീഴടങ്ങിയതോടെയാണ് അന്വേഷണം മുന്നോട്ടുപോയതു തന്നെ. ഇവരുടെ മൊഴികളില്‍ ആദ്യം ഇപ്പോള്‍ അറസ്റ്റിലായ ജിതിന് പങ്കില്ലെന്നായിരുന്നു. എന്നാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് ജിതിന്റെ പേര് വരുന്നതും അറസ്റ്റിലാകുന്നതും. ഇനി ജിതിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലഭിക്കുന്ന മൊഴിയായിരിക്കും കേസില്‍ നിര്‍ണായകമായേക്കുക. കൊലയ്ക്കു പിന്നിലെ ഗൂഡാലോചനയുടെ കണ്ണികള്‍ വരെ ഈ മൊഴിയിലുണ്ടായേക്കുമെന്ന സൂചനയാണ് അന്വേഷണ സംഘത്തിനുമുള്ളത്. കൊല നടന്ന് ഇത്ര ദിവസവും നാട്ടില്‍ തന്നെ കഴിഞ്ഞ പ്രതികളുടെ മൊഴികള്‍ എത്രത്തോളം വിശ്വാസത്തിലെടുക്കാം എന്നതാണ് അന്വേഷണ സംഘം നേരിടുന്ന മറ്റൊരു പ്രശ്‌നം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."