നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കാനാകില്ല: മുഖ്യമന്ത്രി
കൊച്ചി: ഒരു നേരത്തെ ആഹാരം കൈയെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ളതായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ കേരളീയന്റെയും മനസില്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മറൈന്‍ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വതന്ത്രമായി അഭിപ്രായപ്രകടനവും ഭാവനാപരമായ രചനകളും നിര്‍വഹിക്കുന്നവര്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ദുരനുഭവങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. സ്വതന്ത്ര കലാരചന നടത്തിയ എം.എഫ്. ഹുസൈന് ഈ നാടു വിടേണ്ടി വന്നു. ചലച്ചിത്രങ്ങള്‍ക്കു നേരെ പടവാളോങ്ങുന്ന സംഭവങ്ങളും ആവര്‍ത്തിക്കുന്നു. ഇതിനെതിരേ ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ബുക്ക് കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വ്യവസായി എം.എ. യൂസഫലിയില്‍ നിന്ന് ചെക്ക് സ്വീകരിച്ച് മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ആദ്യപ്രതി സ്വീകരിച്ച് മുഖ്യമന്ത്രി നിര്‍വഹിച്ചു. പുസ്തകമേള ഗൈഡ് പ്രൊഫ. കെ.വി. തോമസ് എം.പി പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന ഇ.എം.എസിന്റെ നിയമസഭാ പ്രഭാഷണങ്ങള്‍ ആദ്യവോള്യത്തിന്റെ പ്രകാശനം എം.എ. ബേബി നിര്‍വഹിച്ചു. പ്രൊഫ. എം.കെ. സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തി. മേയര്‍ സൗമിനി ജയിന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, ഫിലിപ്പ് മാത്യു, എം.പി. വീരേന്ദ്രകുമാര്‍, ഷാജി.എന്‍.കരുണ്‍, വൈശാഖന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, എസ്.പി.സി.എസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍, സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍. ഡോ. ഡി. സജിത്ത് ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."