വേനല്‍ രൂക്ഷതയില്‍ കുളിരായി വാഴാനി വെള്ളം
വടക്കാഞ്ചേരി : ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ള ക്ഷാമത്തിന്റെ വറുതിയിലായ ജനങ്ങള്‍ക്കു ആശ്വാസ കുളിര്‍മഴയേകി വാഴാനി ജലാശയത്തിലെ വെള്ളം കനാലിലൂടെ തുറന്നു വിട്ടു.
കുടിവെള്ളത്തിനായാണു ഇപ്പോള്‍ ജലം തുറന്നു വിട്ടിട്ടുള്ളത്. വാഴാനിയില്‍ നിന്നു 39 കിലോമീറ്റര്‍ ദൂരം പിന്നിട്ടു ചൂണ്ടല്‍ പഞ്ചായത്തു വരെ വെള്ളം എത്തിയ്ക്കുകയാണു ലക്ഷ്യം. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, വേലൂര്‍, ചൂണ്ടല്‍ പഞ്ചായത്തുകളിലെ ആയിരങ്ങള്‍ക്കു ജലത്തിന്റെ ആനുകൂല്യം ലഭിയ്ക്കും.
വറ്റിവരണ്ടു കിടക്കുന്ന ജലസ്രോതസുകള്‍ക്കു പുതിയ ഉണര്‍വ്വു പകരും ഈ വെള്ളമെന്നാണു പ്രതീക്ഷ . ഇപ്പോള്‍ 15 ദിവസത്തേക്കാണു വെള്ളം തുറന്നു വിടുന്നത്. അതിനിടെ വാഴാനി ഡാമില്‍ വെള്ളത്തിന്റെ അളവില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തുന്നതു ആശങ്കയ്ക്കു വഴിവെച്ചിട്ടുണ്ട്. 16 മില്യണ്‍ എം.ക്യൂബ് സംഭരണ ശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ ജലത്തിന്റെ അളവ് 8.28 മില്യണ്‍ എം ക്യൂബ് മാത്രമാണ്.
ഇപ്പോള്‍ തുറന്നു വിടുന്നതോടെ ഇനിയും ഗണ്യമായ കുറവു രേഖപ്പെടുത്തും. ഇതും ആശങ്ക പരത്തുകയാണ്. ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നതാണു അവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."