മന്ത്രിയുടെ ധൂര്‍ത്തിന് തയാറായില്ല; പ്രസാര്‍ ഭാരതി ജീവനക്കാരുടെ ശമ്പളം തടഞ്ഞു
ന്യൂഡല്‍ഹി: വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേയും വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടേയും താല്‍പര്യത്തിന് അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രസാര്‍ഭാരതി ജീവനക്കാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. എന്നാല്‍ വിഷയം വിവാദത്തിന് തിരികൊളുത്തിയതോടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന നിലപാടുമായി വാര്‍ത്താ വിതരണ മന്ത്രാലയം രംഗത്തെത്തി.
വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്ത. കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാത്തതിന് ജീവനക്കാരുടെ ശമ്പളം പിടിച്ചുവച്ചാണ് കേന്ദ്രം ഇവരോട് പകവീട്ടുന്നതെന്ന ആരോപണം ദി വയര്‍ ഓണ്‍ലൈന്‍ മാധ്യമമാണ് പുറത്തുവിട്ടത്. എന്നാല്‍ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ശമ്പളം നല്‍കുന്നതിനുള്ള ഫണ്ട് മന്ത്രാലയം വിട്ടുനല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ താല്‍പര്യപ്രകാരമുള്ള നിയമനങ്ങള്‍ നടത്താന്‍ പ്രസാര്‍ ഭാരതി തയാറായില്ല. വലിയ പാക്കേജില്‍ ഒരു സ്വകാര്യകമ്പനിക്ക് പുറംകരാര്‍ നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രസാര്‍ ഭാരതി തള്ളിയിരുന്നു. പിന്നാലെ പ്രസാര്‍ഭാരതിക്കു താങ്ങാവുന്നതിലും ഉയര്‍ന്ന ശമ്പളത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ നിയമിക്കാനുള്ള നിര്‍ദേശവും തള്ളി. ഇതാണ് മന്ത്രാലയത്തിന്റെ പ്രതികാരത്തിനു കാരണമായത്. സ്മൃതി ഇറാനിയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു ഈ നിയമനങ്ങള്‍.
ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള ഫണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. പ്രസാര്‍ഭാരതിയില്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനായി 2,400 കോടിയാണ് പ്രതിവര്‍ഷം കേന്ദ്രം നല്‍കിവരുന്നത്. കേന്ദ്രത്തിന്റെ നടപടി തുടര്‍ന്നാല്‍ പ്രസാര്‍ ഭാരതിക്ക് സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കി ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഫണ്ട് നിലച്ചതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി 200 കോടി രൂപ സ്വന്തം ഇനത്തില്‍ കണ്ടെത്തുകയായിരുന്നു.
കരാര്‍ ജീവനക്കാരെ പിരിച്ചു വിടണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തേയും പ്രസാര്‍ ഭാരതി തള്ളിയിരുന്നു. പ്രസാര്‍ഭാരതി സ്വതന്ത്ര പരമാധികാര ബോഡിയാണ്.
എന്നാല്‍ കേന്ദ്രത്തിനെതിരായി ഉയര്‍ന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കേന്ദ്ര സര്‍ക്കാരിനും വകുപ്പുമന്ത്രിക്കും എതിരായ വികാരം ഉണ്ടാക്കുന്നതിനായാണ് ഇത്തരം വാര്‍ത്ത പുറത്തുവിടുന്നതെന്നാണ് മന്ത്രാലയം ആരോപിക്കുന്നത്.
അതേസമയം പ്രസാര്‍ഭാരതിയുടെ നിലവിലുള്ള ഫണ്ടില്‍ നിന്നാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളം നല്‍കിയതെന്ന് ചെയര്‍മാന്‍ എ. സൂര്യപ്രകാശ് പറഞ്ഞു. മന്ത്രാലയം ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സ്ഥിതി തുടര്‍ന്നാണ് ഏപ്രില്‍ മാസത്തോടുകൂടി ജീവനക്കാര്‍ക്കുള്ള ശമ്പളം മുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും പ്രസാര്‍ ഭാരതിയും തമ്മില്‍ ദീര്‍ഘനാളായി നില്‍ക്കുന്ന തര്‍ക്കമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."