ഭാരതം സൃഷ്ടിച്ചത് മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമല്ല: എം. മുകുന്ദന്‍
പത്തനംതിട്ട: ഭാരതം സൃഷ്ടിച്ചത് ചെറിയ മനുഷ്യരാണെന്നും മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമല്ലെന്നും എഴുത്തുകാരന്‍ എം. മുകുന്ദന്‍.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ചെറിയവരുടെ ലോകമാണത്. പടിവാതിലിലെത്തിയ ഫാസിസമെന്ന ഭൂതത്തെ തുരത്താന്‍ പുരോഗമന ശക്തികള്‍ ഒന്നിച്ചു മഹാസഖ്യമുണ്ടാക്കണം. അതിനായി ചെറിയ കലഹങ്ങള്‍ മറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എഴുത്ത്, സംസ്‌കാരം, പ്രതിരോധം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുകുന്ദന്‍.
ചെറിയവരുടെ ചെറുത്തുനില്‍പ്പ് വിജയിക്കുമെന്ന് ചരിത്രം പറയുന്നു. ഹിമാലയവും ഗംഗയുമാണ് ഇന്ത്യയെന്ന് പറയുന്നവര്‍ ചെറിയവരുടെ തിരിച്ചടിയില്‍ അത് തിരിച്ചറിയും. സംവാദങ്ങളിലൂടെയാണ് ഇന്ത്യ ഉണ്ടായത്. യാത്രകള്‍ക്കിടയിലും പണ്ഡിതരുമായി സംവാദം നടത്തിയാണ് ശങ്കരാചാര്യര്‍ ഹിമാലയം വരെ എത്തിയത്. ഇന്നു സംവാദങ്ങള്‍ക്കുള്ള ഇടങ്ങള്‍ ഇല്ലാതാകുന്നു.
എഴുത്തിനെയും സംസ്‌കാരത്തേയും വിലക്കുന്ന ലോകമാണിത്. വിലക്കുമ്പോഴാണ് എഴുത്തുകാര്‍ ശക്തി പ്രാപിക്കുന്നത്.
ഏകാധിപതികള്‍ ഭയക്കുന്നത് എഴുത്തുകാരെയാണ്. ഗൗരി ലങ്കേഷിനെയും പന്‍സാരെയെയുമൊക്കെ കൊന്നപ്പോള്‍ പ്രതിരോധം കനത്തതേയുള്ളൂ. ചെറുത്തുനില്‍പ്പ് എല്ലാ കാലത്തും ഉണ്ടാവും. മനുഷ്യപക്ഷ പോരാട്ടങ്ങള്‍ വിജയിക്കും. നമുക്കു ചുറ്റും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ പോലും. ഡല്‍ഹിയില്‍ പശുക്കള്‍ ആരോഗ്യത്തോടെ അലയുന്നു.
അവയെ കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്തും. ഒരുപക്ഷേ, കൊന്നിട്ടു പോകും. അവിടെ പശുക്കള്‍ വീടിനു പിന്നില്‍ വന്നുനിന്നാല്‍ ബലമായിപ്പോലും ഭക്ഷണം കൊടുക്കും. പക്ഷേ, ഒരു കുട്ടി വന്നാല്‍ ചില്ലിക്കാശു കൊടുക്കില്ല, ആട്ടിയോടിക്കും.
ആദിവാസികളെ മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ സമ്പന്നരാണ്. പക്ഷേ, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മറന്ന് ആര്‍ഭാടത്തോടെ ജീവിക്കാന്‍ നമുക്കു കഴിയില്ല. അതുകൊണ്ടാണ് മധു കൊല്ലപ്പെട്ടപ്പോള്‍ നമ്മള്‍ വേദനിച്ചതെന്നും എം. മുകുന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."