ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകി: പതിനാലുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം
കൊച്ചി: ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകിയ പതിനാലുകാരന്റെ കണ്ണില്‍ മുളകുപൊടി വിതറി രണ്ടാനച്ഛന്റെ പീഡനം. ചളിക്കവട്ടം സ്വദേശി പ്രദീപാണ് കുട്ടിയെ മുളകുപൊടി വിതറി ശേഷം ക്രൂരമായി മര്‍ദിച്ചത്. ഇയാള്‍ക്കെതിരേ പാലാരിവട്ടം പൊലിസ് കേസെടുത്തു. പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പള്ളുരുത്തി ഡോണ്‍ ബോസ്‌കോ സ്‌നേഹ ഭവനത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാം തിയതി വെളുപ്പിനു രണ്ടോടെയായിരുന്നു സംഭവം. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പീഡനത്തിനിരയായ കുട്ടിയുടെ അമ്മ ഒന്‍പതു വര്‍ഷമായി പ്രദീപിനൊപ്പം താമസിച്ചു വരികയായിരുന്നു.
പതിവായി മദ്യപിച്ചെത്തുന്ന ഇയാള്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവദിവസം സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയ കുട്ടി വെളുപ്പിനെ ഒന്നോടെയാണ് വീട്ടിലെത്തിയത്. ഇതു ചോദ്യം ചെയ്ത പ്രദീപ് കുട്ടിയുടെ വായില്‍ തുണിതിരുകിയ ശേഷം കണ്ണില്‍ മുളക്‌പൊടി വിതറി. തുടര്‍ന്ന് സൈക്കിളിന് കാറ്റടിക്കാന്‍ ഉപയോഗിക്കുന്ന എയര്‍ പമ്പ്, ചട്ടുകം, ചപ്പാത്തി കോല്‍ എന്നിവ കൊണ്ട് അടിക്കുകയും വയറില്‍ ഇടിക്കുകയും ചെയ്തു. കുട്ടിയുടെ മുഖത്തും നെഞ്ചിലും ദേഹത്തുമായി അടികൊണ്ട പാടുകളുണ്ട്. ഇന്നലെ കുട്ടിയുടെ മുത്തശ്ശി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണിനു പരുക്കേറ്റ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരികെ വീട്ടിലേക്കു പോകാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പള്ളുരുത്തി ഡോണ്‍ബോസ്‌കോ സ്‌നേഹഭവനത്തില്‍ ഏല്‍പ്പിച്ചത്. പ്രതി പ്രദീപ് ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."