ആനവണ്ടിക്ക് 80 വയസ്
കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി രൂപീകൃതമായിട്ട് 80 വര്‍ഷം പൂര്‍ത്തിയായി. 1938 ഫ്രെബുവരി 21 നാണ് കെ.എസ്.ആര്‍.ടി.സിയുടെ ജനനം. തിരുവനന്തപുരത്തെ രാജാവ് ശ്രീ ചിത്തിരതിരുനാളാണ് ഈ ആശയത്തിനുപിന്നില്‍. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്കാണ് ആദ്യ സര്‍വിസ് നടത്തിയത്. ഒരിക്കല്‍ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ അവിടുത്തെ ഗതാഗത സൗകര്യം കണ്ടാണ് ഇവിടെയും അത് നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്. അവിടെ നിന്നും എത്തി ദിവാന്‍ സി.പി രാമസ്വാമി അയ്യരുടെ നേത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു.
അങ്ങനെയാണ് ലണ്ടന്‍ പാസഞ്ചര്‍ ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ് സൂപ്രണ്ടായിരുന്ന ഇ.ജി സാള്‍ട്ടറിനെ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറായി 1937 സെപ്തംബറില്‍ നിയമിക്കുന്നത്. ലണ്ടനില്‍ നിന്നാണ് ബസ്സിന്റെ ബോഡി എത്തിച്ചത്. 39 ബസിന്റെ ബോഡികള്‍ തലസ്ഥാനത്തു വന്നതും അത് രാജകൊട്ടാരമായ കവടിയാറില്‍ എത്തിച്ചതും അന്നത്തെ ലണ്ടന്‍ ടൈംസില്‍ വാര്‍ത്തയായി വന്നിരുന്നു.
ബെന്‍സിന്റെയും ഫോര്‍ഡിന്റയെും വണ്ടികളാണ് എത്തിച്ചത്. ബസിന്റെ ബോഡി റീ കണ്‍സ്ട്രക്റ്റ് ചെയ്തത് സാള്‍ട്ടര്‍ ആയിരുന്നു. അങ്ങനെയാണ് ആദ്യ സര്‍വിസ് കന്യാകുമാരിയിലേക്ക് നടത്തി ചരിത്രം കുറിച്ചത്. സാള്‍ട്ടറും രാജകുടുംബാംഗങ്ങളുമായിരുന്നു ബസ് യാത്രക്കാര്‍. സ്വകാര്യ ബസ് സര്‍വിസുകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് റോഡില്‍ ഒരു പൊതു സംരംഭം ആരംഭിച്ചതിനെ അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റും പ്രശംസിച്ചിരുന്നു.
അന്ന് കന്യാകുമാരിയിലേക്ക് പൂര്‍ണമായും സിമന്റ് റോഡായിരുന്നു. മിനിമം യാത്ര നിരക്ക് അരചക്രമായിരുന്നു. മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടിയിരുന്നില്ല. 14 വയസ്സുവരെയുള്ളവര്‍ക്ക് പകുതി ചാര്‍ജ് നല്‍കിയാല്‍ മതി. ലഗേജുകള്‍ക്ക് അധിക നിരക്ക് നല്‍കണം. അന്ന് ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെയാണ് ബസ് കണ്ടക്ടറായും ഇന്‍സ് പെക്ടറായും തിരഞ്ഞെടുത്തിരുന്നത്.
സ്വാതന്ത്ര്യം കിട്ടിയതോടെ 1950ല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആക്ട് വരികയും തുടര്‍ന്ന് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വരികയും ചെയ്തു. അങ്ങിനെയാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കെ.എസ്.ആര്‍.ടി.സി ആയി മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."