നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് ആ പാവം പൂച്ചയെന്ത് പിഴച്ചു...
നെടുമ്പാശ്ശേരി: കേരളത്തിലെ ഏറ്റവും പ്രമുഖമായ അന്തര്‍ദേശീയ വിമാനത്താവളങ്ങളിലൊന്നില്‍ വിമാനമിറങ്ങിയതിന് ആ പാവം പൂച്ചയെന്ത് പിഴച്ചു. വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ നെടുമ്പാശ്ശേരി കസ്റ്റംസ് കസ്റ്റഡിയിലെടുത്ത പൂച്ചയെ വന്ന വിമാനത്തില്‍ തന്നെ ഗള്‍ഫിലേക്ക് തിരിച്ചയച്ചു. ശനിയാഴ്ച ജിദ്ദയില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് പൂച്ചയെ കൊണ്ടുവന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന മൃഗങ്ങളെ പരിശോധിക്കാനുള്ള സംവിധാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇല്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് പൂച്ചയെ തിരിച്ചയച്ചത്.
വിദേശത്ത് നിന്ന് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക നടപടി ക്രമങ്ങള്‍ നിലവിലുണ്ട്. കൊണ്ടുവരുന്ന രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ കൈവശം ഉണ്ടായിരിക്കണം.
ഇത്തരത്തില്‍ കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന് തെളിയിക്കാന്‍ ഇവയുമായി ഇറങ്ങുന്ന വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയും നടത്തണം. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരു, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ മാത്രമാണ് പരിശോധനക്കുള്ള സംവിധാനമുള്ളത്. അതുകൊണ്ട് തന്നെ ഈ വിമാനത്താവളങ്ങള്‍ വഴി മാത്രമേ രാജ്യത്തേക്ക് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാന്‍ അനുമതിയുള്ളൂ.
മറ്റ് വിമാനത്താവളങ്ങള്‍ വഴി വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ നിയമ വിരുദ്ധവും, പിടിക്കപ്പെട്ടാല്‍ പിഴ ലഭിക്കാവുന്ന കുറ്റവുമാണ്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂച്ചയെ ജിദ്ദയിലേക്ക് മടക്കി അയച്ചത്. പൂച്ചയെ കൊണ്ടുവന്ന യാത്രക്കാരനോട് പിഴയടക്കാനും കസ്റ്റംസ് ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."