നിര്‍ഭയ കേന്ദ്രങ്ങള്‍ അഞ്ച് ജില്ലകളില്‍കൂടി സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍കൂടി നിര്‍ഭയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കുട്ടികളുടേയും, പീഡനത്തിനും മനുഷ്യക്കടത്തിനും വിധേയരായ സ്ത്രീകളുടേയും സംരക്ഷണത്തിനായി ആരംഭിച്ച നിര്‍ഭയ കേന്ദ്രങ്ങള്‍ ഇല്ലാത്ത അഞ്ച് ജില്ലകളില്‍ കൂടിയാണ് ഇവ സ്ഥാപിക്കുന്നത്.
കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഈ ജില്ലകളില്‍ വിവിധ കേസുകളില്‍പെട്ട് വരുന്ന സ്ത്രീകളേയും കുട്ടികളേയും അടുത്തുള്ള ജില്ലകളിലെ നിര്‍ഭയ കേന്ദ്രങ്ങളിലാണ് താമസിപ്പിച്ചിരുന്നത്. ഈ പരിമിതി മറികടക്കാന്‍ കൂടിയാണ് പുതിയ തീരുമാനം. ഓരോ നിര്‍ഭയ കേന്ദ്രത്തിലും 25 പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇത്തരത്തില്‍ സംസ്ഥാനത്ത് മഹിള സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള എട്ട് നിര്‍ഭയ കേന്ദ്രങ്ങളിലായി ആകെ താമസിപ്പിക്കാന്‍ കഴിയുന്നത് 200 പേരെയാണ്. പക്ഷേ വിവിധ കേസുകളിലായി 300 പേരെ ഇപ്പോള്‍തന്നെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
മറ്റു ഏജന്‍സികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നിര്‍ഭയ കേന്ദ്രങ്ങളില്‍ 60 പേരും ഉണ്ട്.
ഇത്തരത്തില്‍ പരിമിതിയില്‍ ബുദ്ധിമുട്ടുന്ന നിര്‍ഭയ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് അഞ്ച് ജില്ലകളില്‍കൂടി പുതിയതായി കേന്ദ്രങ്ങള്‍ തുറക്കുന്നത്. പുതിയ അഞ്ച് നിര്‍ഭയ കേന്ദ്രങ്ങളുടേയും ചുമതല മഹിള സമഖ്യ സൊസൈറ്റിക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."