ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കള്‍; ആറ് പേര്‍ക്ക് കടിയേറ്റു
പള്ളിക്കല്‍: പള്ളിക്കല്‍ ബസാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കളുടെ വിളയാട്ടം. അക്രമകാരികളായ രണ്ട് നായകളില്‍ നിന്നും ആറ് പേര്‍ക്ക് കടിയേറ്റു. നായകളിലൊന്നിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായാണ് വിവരം. സ്രാമ്പ്യ ബസാര്‍ പിലാത്തോട്ടത്തില്‍ ആലപ്പടിയന്‍ ഉസ്മാന്റെ മകന്‍ ഫഹീം റഹ്മാന്‍ (10)ന് ഞായറാഴ്ച വൈകിട്ട് നാലോടെ വീടിന് പുറത്ത് കുളിക്കുന്നതിനിടെയാണ് നായയുടെ കടിയേറ്റത്.
പള്ളിക്കല്‍ ബസാര്‍ അങ്ങാടിക്കടുത്ത് വിളക്കാത്തടത്തില്‍ ചേലാട്ട് പള്ളിയാളി ഭാഗത്ത് താമസിക്കുന്ന അഗ്രശാല നാസര്‍ (40) ഷറീന (35), നസീമ (30) ഹൈറുന്നിസ (50), പള്ളിക്കല്‍ ബസാറില്‍ പരുത്തിക്കോട് റോഡിന് സമീപം താമസിക്കുന്ന മാധവിക്കുട്ടി (72) എന്നിര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നുവെന്നാരോപിച്ച് ജനരോഷം ശക്തമായിരിക്കുകയാണ്. പ്രദേശത്ത് നടപ്പാതയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ചു കിടക്കുന്ന രണ്ട് ഏക്കറോളം വരുന്ന ഒഴിഞ്ഞ പറമ്പാണ് നായ്ക്കളുടെ വിഹാര കേന്ദ്രമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കാട് വെട്ടിത്തെളിയിക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പ് വള്ളിക്കുന്ന് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരുവ് നായ വന്ധീകരണ ശസ്ത്രക്രിയ ചെലവിലേക്കായി പഞ്ചായത്തിന്റെ വിഹിതമായ ഒരു ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലെത്തി തെരുവ് നായകളെ കാര്യമായ രീതിയില്‍ പിടികൂടി വന്ധീകരണം നടത്താല്‍ ബന്ധപ്പെട്ടവര്‍ തയായാറായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപണമുന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."