ചരിത്രം രചിച്ച് കുടുംബശ്രീ 'പെണ്‍പൂവ് ' വിരിഞ്ഞു
മാനന്തവാടി: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്.
സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍.
പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് പുറമെ പെണ്‍പൂവ് കാണുന്നതിനായി ആയിരത്തിലേറെ ആളുകള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. 260 അടിയില്‍ വരച്ചെടുത്ത മൂന്ന് പൂക്കളിലായാണ് വനിതകള്‍ അണിനിരന്നത്.
മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രദീപ ശശി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശാരദ സജീവന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു, തവിഞ്ഞാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷബിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."