ആലത്തിയൂര്‍ വെള്ളോട്ടുപാടം മണ്ണിട്ട് നികത്തുന്നതിനെതിരേ പ്രതിഷേധം
തിരൂര്‍: ആശുപത്രി നിര്‍മാണത്തിന്റെ മറവില്‍ ആലത്തിയൂര്‍ തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്ന വെള്ളോട്ടുപ്പാടം വ്യാപകമായി മണ്ണിട്ട് നികത്തുന്നതിനെക്കുറിച്ച് ഒരു മാസം മുന്‍പ് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൃപ്രങ്ങോട് വില്ലേജ് ഓഫിസ് ഉപരോധിച്ചു.
തിരൂര്‍ ആര്.ഡി.ഒ, തഹസില്‍ദാര്‍, തൃപ്രങ്ങോട് വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് കലക്ടര്‍ക്കും നല്‍കിയിരുന്നു. എന്നിട്ടും വയല്‍ നികത്തല്‍ നിര്‍ബാധം തുടര്‍ന്നതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധത്തത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നാലോടെ തൃപ്രങ്ങോട് വില്ലേജ് ഓഫിസ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവച്ചു.
ഒടുവില്‍ വൈകീട്ട് 6.30 ഓടെ തിരൂര്‍ തഹസില്‍ദാര്‍ ഷാജഹാന് തൃപ്രങ്ങോട് വില്ലേജ് ഓഫിസിലെത്തി യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.
വിഷയത്തില്‍ ആര്.ഡി.ഒ, കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി അടുത്ത ദിവസം തന്നെ ആവശ്യമായ നടപടിയെടുക്കുമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു. യു.ഡി.എഫ് ചെയര്മാന് സുഭാഷ് പയ്യനാട്, കണ്‍വീനര്‍ വി.പി ഹംസ, പി.കെ റസാഖ് ഹാജി, ചെമ്മല അഷ്റഫ്, പി.കെ ഖമറുദ്ധീന്, യാസര്‍ ആലത്തിയൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."