ചാലിയാറില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ; കുടിവെള്ള വിതരണം ആശങ്കയില്‍
അരീക്കോട്: ചാലിയാര്‍ പുഴയില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ കണ്ടെത്തിയ സാഹചര്യത്തില്‍ കുടിവെള്ള വിതരണം ആശങ്കയില്‍. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ചാലിയാറിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഹോട്ടലുകളില്‍നിന്നും അറവുശാലകളില്‍നിന്നും തള്ളുന്ന മാലിന്യങ്ങളാണ് മുഖ്യമായും പുഴവെള്ളത്തെ മലിനമാക്കിയത്.
ചാലിയാറിലെ വെള്ളം മാരകമായി മലിനീകരിക്കപ്പെട്ടതായും കുടിക്കാന്‍ യോഗ്യമല്ലാതായതായും കണ്ടെത്തിയിട്ടുണ്ട്. സി.ഡബ്ല്യൂ.ആര്‍.ഡി.എം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
കഴിഞ്ഞ വേനലില്‍ ജലത്തിന് നിറം മാറ്റവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കേരള വാട്ടര്‍ അതോറിറ്റി നടത്തിയ പഠനത്തിലും ജലം ഫില്‍ട്ടര്‍ ചെയ്യാതെ കുടിക്കുന്നത് അഭികാമ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
2014ല്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പരിഹാര നടപടികള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ ഒന്നു പോലും ഇതു വരെ നടപ്പാക്കാന്‍ കഴിയാതിരുന്നതാണ് വീണ്ടും ചാലിയാറില്‍ വിഷമയമായത്. ഒരാഴ്ചയായി വെള്ളത്തില്‍ കൊഴുപ്പ് നിറഞ്ഞ് പച്ചനിറമായതായും പുഴയില്‍ നിന്ന് കുളിച്ചവരില്‍ ചിലര്‍ക്ക് ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ പരിശോധനയില്‍ പുഴയിലെ വെള്ളം കുടിക്കാനും കുളിക്കാനും യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. മത്സ്യ സമ്പത്തിനടക്കം വലിയ ഭീഷണിയാകുന്ന വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്‍ഗ പടരുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്.
160 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന ചാലിയാറില്‍ നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, വാഴക്കാട്, കാവനൂര്‍ തുടങ്ങി 13 പഞ്ചായത്തുകളിലും, മഞ്ചേരി നഗരസഭ പരിധിയിലെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണത്തിനുമായുള്ള ജല അതോറിറ്റിയുടെ വന്‍കിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത് ചാലിയാറിനെ ആശ്രയിച്ചാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."