കുട്ടികളുടെ വിവരങ്ങള്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൈമാറരുത്
ചെറുവത്തൂര്‍: അടുത്ത അധ്യയന വര്‍ഷം മുന്നില്‍ കണ്ടു കുട്ടികളെ 'വലയിലാക്കാന്‍'സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ വേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ്.
കുട്ടികളുടെ വിവരങ്ങള്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൈമാറരുതെന്നും നിര്‍ദേശം. അധ്യയന വര്‍ഷം അവസാനിക്കാറായതോടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് സ്വകാര്യ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍, ചിത്രരചനാ മത്സരം തുടങ്ങി പലതരത്തിലുള്ള പരിപാടികള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ളവയുമായി ബന്ധപ്പെട്ട് നോട്ടിസുകളും മറ്റും ക്ലാസുകളില്‍ വിതരണം ചെയ്യുന്നുമുണ്ട്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ബാനര്‍, ലഘു ലേഖകള്‍ എന്നിവ സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്ഥാപിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത്. കുട്ടികളുടെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പല വിദ്യാലയങ്ങളും കൈമാറുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീടുകളില്‍ എത്തിയും, എസ്.എം.എസ് വഴിയുമൊക്കെ കുട്ടികളെ സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെല്ലാം പുറമേ ഇങ്ങനെ കൈമാറുന്ന വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇത് അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. മത്സര പരീക്ഷകളുടെ പേരില്‍ കുട്ടികളില്‍ നിന്ന് യാതൊരു വിധത്തിലുള്ള പണപ്പിരിവും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."