ഹൃദ്രോഗവും സ്ത്രീകളും
സ്ത്രീകളില്‍ ഹൃദ്രോഗത്തിന്റെ അളവു കൂടിവരുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പുണ്ടായിരുന്ന മിഥ്യാധാരണ ഹൃദ്രോഗം പുരുഷന്മാരെ മാത്രം ബാധിക്കുന്നതാണെന്നായിരുന്നു. വാസ്തവം അതല്ല. ഹൃദ്രോഗം തിരിച്ചറിയാതെ പോകുന്നതോ ഹൃദ്രോഗത്തിന്റെ അസ്വസ്ഥത അവഗണിക്കുന്നതോ ആണു സ്ത്രീകളില്‍ ഇത് അകാലമരണത്തിനു കാരണമാക്കുന്നത്. സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലെ സ്ത്രീകളാണ് ഇങ്ങനെ മൃത്യുവിനിരയാകുന്നത്.
രക്തസമ്മര്‍ദം(ഹൈപ്പര്‍ ടെന്‍ഷന്‍), ഹൃദയാഘാതം( മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍), ഹൃദയത്തിന്റെ പ്രവര്‍ത്തനക്കുറവ് (ഹാര്‍ട്ട് ഫെയിലിയര്‍) എന്നിവയാണു ഹൃദയത്തെ ബാധിക്കുന്ന രോഗാവസ്ഥ. ഹൃദയത്തിന്റെ വിവിധ ഭാഗങ്ങള്‍ പെരികാര്‍ഡിയം(ഹൃദയത്തിന്റെ ആവരണം), മയോകാര്‍ഡിയം(ഹൃദയത്തിന്റെ പേശി), എന്റോകാര്‍ഡിയം(ഹൃദയത്തിന്റെ ഉള്ളിലുള്ള പാട), ഹൃദയത്തില്‍നിന്നു ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ എന്നിങ്ങനെ നാലായി തരം തിരിക്കാം. ഇവ കേന്ദ്രീകരിച്ചാണു ഹൃദ്രോഗങ്ങള്‍ കാണപ്പെടുന്നത്.
ഹൃദ്രോഗം ബാധിക്കുന്നതിനു പ്രായം പ്രധാനമാണെങ്കിലും ജനിതകപരമായും ജന്മനാലും ഹൃദ്രോഗമുണ്ടാകാം. ജന്മനാലുള്ള ഹൃദ്രോഗങ്ങളില്‍ എ.എസ്.ഡി( ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്ട്). പി.ഡി.എ(പാറ്റന്റ് ഡക്ടസ് ആര്‍ട്ടീറിയോസിസ്), എബ്‌സ്റ്റിയന്‍സ് അനോമിലി എന്നിവ കൂടുതലായും പെണ്‍കുഞ്ഞുങ്ങളിലാണു കണ്ടുവരുന്നത്.
ജനിതകവിഭാഗത്തില്‍ പ്രധാനപ്പെട്ടതു കാര്‍ഡിയോ മയോപതി അഥവാ ഹൃദയത്തിന്റെ പേശികളുടെ പ്രവര്‍ത്തനക്കുറവ്, ഹൃദയത്തിന്റെ ഇടുപ്പിലുള്ള വ്യതിയാനങ്ങള്‍ (അരിത്തിമിയ്) എന്നിവയാണ്.
40 വയസ്സിന് താഴെയുള്ള രോഗങ്ങള്‍ മിക്കതും ജന്മാനായുള്ളതും ജനിതകമായിക്കിട്ടുന്നതുമാണ്. ജീവിതശൈലികൊണ്ടും വ്യായാമക്കുറവുകൊണ്ടും ഹൃദ്രോഗം വരാം. ആര്‍ത്തവവിരാമമെത്തിയ സ്ത്രീകള്‍ ഹൃദ്രോഗത്തിന്റെ പിടിയിലമരുന്നതു പ്രധാനമായും ഇക്കാരണങ്ങളാലാണ്.
അണുബാധ മൂലം ഹൃദയപേശികളുടെയും വാല്‍വുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടാം. ഹൃദയത്തിന്റെ ആവരണമായ പെരികാര്‍ഡിയത്തില്‍ നീര്‍ക്കെട്ടുണ്ടാവാം. ഇടുപ്പില്‍ വ്യതിയാനങ്ങള്‍ അനുഭവപ്പെടാം. റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്, വൈറല്‍ ഫീവര്‍, ടിബി എന്നിവ ഇതിനു മുഖ്യകാരണങ്ങളാണ്. ചെറുപ്പത്തില്‍ പ്രതിരോധകുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളില്‍ വരുന്ന ഡിഫ്ത്തീരിയ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കാറുണ്ട്.
തൈറോയിഡ് ഗ്രന്ഥീ രോഗമുള്ളവരിലും കൊറോണറി ആര്‍ട്ടറി ഡിസീസിന്റെ തോതു കൂടുതലാണ്.
ഇതു കൂടാതെ പ്രായാധിക്യമാവുമ്പോള്‍ സ്ത്രീകളില്‍ സ്‌ട്രോക്ക്, രക്തക്കുഴലുകളിലെ ചുരുക്കം (കൊറോണറി ആര്‍ട്ടറി ഡിസീസ്), മഹാധമനിയുടെ വികസനം, ഹൃദയത്തിന്റെ വാല്‍വിന്റെ ചുരുക്കം എന്നിവ ഉണ്ടാകാറുണ്ട്. ചില സ്ത്രീകള്‍ക്കു മാനസികപ്പിരിമുറുക്കം വരുമ്പോള്‍ ഹൃദയപേശികളുടെ പ്രവര്‍ത്തനം കുറയുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും. (സ്‌ട്രെസ് കാര്‍ഡിയോ മയോപതി).
20 വര്‍ഷം മുമ്പു വരെ 40 വയസ്സിനു താഴെ ഹൃദ്രോഗം വരാനുളള സാധ്യത കുറവായിരുന്നു. അടുത്തകാലത്ത് ഇതിന്റെ അളവു കൂടി.
ആര്‍ത്തവവിരാമമെത്തുമ്പോഴാണു സ്ത്രീകളില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുളള സാധ്യത. 40 വയസ്സിനു മുകളില്‍ സ്ത്രീക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 ശതമാനമാണ്. അതില്‍ കൂടുതലും കൊറോണറി ആര്‍ട്ടറി ഡിസീസാണ്.
ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് 40 വയസ്സു കഴിഞ്ഞാല്‍ കുറഞ്ഞുവരുന്നതാണിതിനു കാരണം. രക്തസമ്മര്‍ദ ശതമാനവും ഉയരുന്നതും കാരണമാണ്. പ്രായമാകുമ്പോള്‍ രക്തക്കുഴലിനു കട്ടികൂടുകയും ഉള്ളില്‍ കാത്സ്യം അടിഞ്ഞു കൂടുകയും ചെയ്യും. ഇതു വൃക്ക, ഹൃദയം, തലച്ചോറ്, കണ്ണുകള്‍ എന്നിവയെ ബാധിക്കും.
ഹൃദയാഘാതമുണ്ടാകുന്നതിനുള്ള മുഖ്യകാരണങ്ങള്‍ ചീത്ത കൊളസ്‌ട്രോള്‍, പുകവലി, രക്തസമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി, മാനസിക പിരിമുറുക്കം, മദ്യപാനം, വ്യായാമക്കുറവ്, പച്ചക്കറി-പഴവര്‍ഗങ്ങള്‍ എന്നിവയുടെ കുറഞ്ഞ ഉപയോഗം എന്നിവയാണ്.
ജീവിതശൈലിയില്‍ മാറ്റം വരുത്തണം. വ്യായാമവും ചിട്ടയായ ഭക്ഷണവും ശീലമാക്കണം. എന്തും എപ്പോഴും കഴിക്കുന്ന രീതി മാറ്റണം. ഫാസ്റ്റ് ഫുഡ്, വറുത്ത പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും പഴവര്‍ഗങ്ങളും പച്ചക്കറികളും നാരടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും മുളപ്പിച്ച പയറും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയും ജീവിതശൈലി മൂലം വരുന്ന ഹൃദ്രോഗത്തെ തടഞ്ഞുനിര്‍ത്താം.
(മേയ്ത്ര ഹോസ്പിറ്റല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."