എന്തിനാണിങ്ങനെ ഒച്ചവയ്ക്കുന്നത്
അതിര് വിടുന്നത് അമാന്യതയാണ്; ആപല്‍ക്കരവുമാണ്. മിതത്വമാണ് ജീവിതം മനോഹരമാക്കുന്നത്. ആരാധന പോലും അളവില്‍ കവിയരുതെന്ന് അറിവുള്ളവര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മഹാന്മാരുടെ ജീവിതം മിതത്വത്തിന് മാതൃകയായിരുന്നു. വ്യക്തികളില്‍ മാത്രമല്ല, പൊതുസമൂഹത്തിലും മിതത്വം മാന്യതയുടെ മാനദണ്ഡമായിരുന്ന കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് ഏതിനും കെട്ട് പൊട്ടിയ അവസ്ഥയാണ്. അരുവി പോലെ സാവകാശം ഒഴുകുകയല്ല; ആര്‍ത്തട്ടഹസിച്ച് കരകവിഞ്ഞൊഴുകുന്ന കടല്‍ക്ഷോഭതുല്യമായി തീര്‍ന്നിട്ടുണ്ട് ജീവിതം. കാതോടു കാതോരമല്ല; കര്‍ണകഠോരമായ ശബ്ദപ്രളയ
മാണ് ചുറ്റും സൃഷ്ടിക്കപ്പെടുന്നത്.
ഇത്ര ഘോരമായ ശബ്ദം നമുക്ക് ആവശ്യമുണ്ടോ? റോഡിലേക്കിറങ്ങിയാല്‍ വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമാണ്. ട്രാഫിക് ജങ്ഷനുകളില്‍ ഒരു നിമിഷം പോലും ക്ഷമിച്ചു നില്‍ക്കില്ല; നിര്‍ത്താതെ ഹോണടിയാണ്. ബസ് യാത്രയില്‍ ചെവിയിലേക്ക് അടിച്ചു കയറ്റുകയാണ് തട്ടുപൊളിപ്പന്‍ പാട്ടുകള്‍. കല്യാണച്ചടങ്ങുകള്‍ സൗഹൃദങ്ങള്‍ പങ്കിടുന്ന വേദി എന്ന അവസ്ഥയില്‍ നിന്നു മാറി. കാത് തകര്‍ക്കുന്ന സംഗീതഘോഷത്തില്‍ കുശലാന്വേഷണം പോലും അസാധ്യം. ആവശ്യമുള്ളതിന്റെ പത്തിരട്ടി ശബ്ദഘോഷമാണ് കൊച്ചു സിനിമാ തിയേറ്ററുകളില്‍ പോലും. സമ്മേളന നഗരികള്‍ ശബ്ദസുനാമിയുടെ പ്രഭവകേന്ദ്രങ്ങളാണ്. ജാതിഭേദമന്യേ നടക്കുന്ന ഉത്സവങ്ങളിലെ മത്സര വെടിക്കെട്ടുകള്‍ ശബ്ദം കൊണ്ടുള്ള ഭീകരാക്രമണം തന്നെയാണ്.
മലിനീകരണങ്ങളില്‍ ഏറ്റവും മാരകമായിട്ടുള്ളത് ശബ്ദം കൊണ്ടുള്ളതാണ്. ഗര്‍ഭസ്ഥ ശിശുവിനു പോലും അത് ഹാനികരമാണ്. ഡസിബെല്‍(ഡി.ബി) എന്ന യൂനിറ്റിലാണ് ശബ്ദം അളക്കുന്നത്. സാധാരണ സംസാരം 30 ഡി.ബിയും ഉച്ചത്തിലുള്ളത് 50 ഡി.ബിയുമാണ്. 70 ഡി.ബിയാണ് ഹോണിന്; എയര്‍ഹോണിന് 90-110 ഡി.ബിയും. ഉച്ചഭാഷിണിക്ക് 100 ഡി.ബിയുണ്ടാവും. 130 ഡി.ബിയോളമുണ്ട് കരിമരുന്നു പ്രയോഗങ്ങള്‍ക്ക്. 70 ഡി.ബിക്കു മുകളിലുള്ള ശബ്ദം മനുഷ്യരില്‍ തീവ്രമായ ശാരീരിക-മാനസിക പ്രശ്‌നങ്ങളുണ്ടാക്കും. 110 ഡി.ബിക്കു മുകളിലാണെങ്കില്‍ കേള്‍വിക്കുറവിനു കാരണമാകും. പ്രതികരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവിനെയും ശബ്ദശല്യം ദോഷകരമായി ബാധിക്കും. രക്തക്കുഴലുകള്‍ ചുരുങ്ങുക, ബ്ലഡ് പ്രഷര്‍ കൂട്ടുക, അലര്‍ജി, ആസ്ത്മ, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭഛിദ്രം, കര്‍ണപുടങ്ങള്‍ക്ക് കേടുപാട് തുടങ്ങിയവയും അമിത ശബ്ദം കൊണ്ടുണ്ടാവും.
80 ഡി.ബിക്കു മുകളിലുള്ള ശബ്ദം ഒറ്റത്തവണ കേട്ടാല്‍ പോലും ഗര്‍ഭസ്ഥ ശിശുവിന്റെ കേള്‍വിശക്തിക്ക് തകരാറുണ്ടാവും. നവജാത ശിശുവിന് 40 ഡി.ബിക്കു മുകളിലുള്ള ശബ്ദം ആപല്‍ക്കരമാണ്. ഗര്‍ഭിണികള്‍ ശബ്ദമേറിയ മിക്‌സുകളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നത് ഡോക്ടര്‍മാര്‍ വിലക്കാന്‍ കാരണമിതാണ്. നിരന്തരം ഉച്ചത്തില്‍ സംസാരിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. യാത്രകളില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നതും പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതും സിനിമ കാണുന്നതും പലര്‍ക്കും ശീലമാണ്. ഹെഡ്‌ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നത് ശരിയല്ല. വളരെ കുറഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുകയും ഇടയ്ക്കിടെ ഹെഡ്‌ഫോണ്‍ മാറ്റിവച്ച് ചെവികള്‍ക്ക് വിശ്രമം നല്‍കുകയും വേണം.
വായു, വെള്ളം എന്നിവയിലെ മലിനീകരണം ഇല്ലാതാക്കാന്‍ ഭാരിച്ച പ്രവര്‍ത്തനങ്ങള്‍ തന്നെ വേണ്ടതുണ്ട്. എന്നാല്‍, ശബ്ദമലിനീകരണം ഒഴിവാക്കാന്‍ താരതമ്യേന എളുപ്പമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ നമ്മള്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല. ശബ്ദം എന്തിനാണ് ഈവിധം ദുര്‍വ്യയം ചെയ്യുന്നത്? ആശയവിനിമയത്തിന്റെ മുപ്പത് ശതമാനമേ വാക്കുകളിലൂടെ നടക്കുന്നുള്ളുവെന്നാണ് പറയപ്പെടുന്നത്. ബാക്കി എഴുപത് ശതമാനവും ശാരീരിക ഭാഷയിലൂടെ വിനിമയം ചെയ്യപ്പെടുകയാണ്. നോട്ടത്തിലൂടെ, അംഗവിക്ഷേപത്തിലൂടെ, സാന്നിധ്യത്തിലൂടെ, സ്പര്‍ശത്തിലൂടെ മൗനമായി അത് കൈമാറ്റം ചെയ്യപ്പെടുന്നു. പറയാതെ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് നമ്മള്‍. കേള്‍ക്കേണ്ടവര്‍ അതു കേള്‍ക്കുന്നുമുണ്ട്. അത്ര നിഷ്‌കളങ്കമായി അതിലേറെ തീവ്രമായി പറയാന്‍ വാക്കുകള്‍ക്ക് കഴിയില്ല. പിന്നെയെന്തിന് വാക്കുകളെ കൂട്ടുപിടിച്ച് വെറുതെ ഒച്ചവയ്ക്കുന്നു. ഇനി പറഞ്ഞേതീരുവെങ്കില്‍ മിതമായ ശബ്ദത്തില്‍ മതി. മനസ്സുകള്‍ അകലുമ്പോഴാണ് മനുഷ്യര്‍ ഉച്ചത്തില്‍ സംസാരിക്കുക എന്നൊരു മനശ്ശാസ്ത്ര പാഠമുണ്ട്. അകന്ന മനസ്സിലേക്കെത്താന്‍ ശബ്ദം കൂട്ടി പറയുകയാണത്രെ! ദേഷ്യപ്പെടുമ്പോള്‍ ശബ്ദം ഉയരുന്നതിന് കാരണമിതാണ്. ശബ്ദം താഴ്ത്തി സംസാരിക്കുന്ന അധ്യാപകന്റെ ക്ലാസിലാവും വിദ്യാര്‍ഥികള്‍ മനസ്സിരുത്തി, കാതു കൂര്‍പ്പിച്ചു കേള്‍ക്കുക. അയാള്‍ പറയുന്ന പാഠങ്ങളാണ് വിദ്യാര്‍ഥികളുടെ മനസ്സിലേക്ക് വേഗം ചെന്നിറങ്ങുക. ഉച്ചത്തില്‍ ക്ലാസെടുക്കുമ്പോള്‍ ഒരു ആരവം പോലെ അത് ചെവിക്ക് പുറത്തുകൂടി കടന്നുപോവും. അകത്തു കടക്കില്ല.
മനസ്സുകള്‍ അടുത്തിരിക്കട്ടെ. അപ്പോള്‍ ഒച്ച കുറയും. ബഹളം ഇല്ലാതാവും. അത്രകണ്ട് വിമലമാവും ബന്ധങ്ങള്‍; അല്ല ജീവിതം തന്നെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."