പാരിസും കടന്ന് റയല്‍: യുവേഫ ചാംപ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും ക്വാര്‍ട്ടറില്‍
പാരിസ്: അത്ഭുതങ്ങളൊന്നും നടന്നില്ല. പാരിസ് സെന്റ് ജെര്‍മെയ്‌നെ അവരുടെ തട്ടകത്തിലും വീഴ്ത്തി ആധികാരിക വിജയത്തോടെ റയല്‍ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. രണ്ടാം പാദ പോരാട്ടത്തില്‍ 1-2നാണ് റയല്‍ വിജയം പിടിച്ചത്. ആദ്യ പാദത്തില്‍ 3-1ന് വിജയിച്ച അവര്‍ ഇരു പാദങ്ങളിലായി 5-2ന്റെ വിജയവുമായാണ് അവസാന എട്ടിലേക്ക് കടന്നത്. മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ആദ്യ പാദത്തില്‍ 5-0ത്തിന്റെ വിജയം സ്വന്തമാക്കിയതിന്റെ കരുത്തില്‍ ഇംഗ്ലീഷ് ടീം ലിവര്‍പൂളും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.
സ്വന്തം തട്ടകത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത് റയലിനെ വീഴ്ത്തി മുന്നേറാമെന്ന പി.എസ്.ജിയുടെ മോഹം തല്ലിക്കെടുത്തി റയല്‍ ചാംപ്യന്‍സ് ലീഗിലെ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കുന്നതാണ് പാരിസിലും കണ്ടത്. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തില്‍ മൂര്‍ച്ച കുറഞ്ഞ സംഘമായ പി.എസ്.ജിയെ നിലം തോടാതെ മടക്കാന്‍ റയലിന് സാധിച്ചതോടെ അവര്‍ നിരുപാധികം കീഴടങ്ങി. ചാംപ്യന്‍സ് ലീഗില്‍ മികച്ച മുന്നേറ്റം നടത്താമെന്ന പി.എസ്.ജിയുടെ സ്വപ്‌നം സഫലമാകാന്‍ അവര്‍ ഇനിയും കാത്തിരിക്കണം.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കസെമിറോ എന്നിവര്‍ റയലിനായി വല ചലിപ്പിച്ചപ്പോള്‍ എഡിന്‍സന്‍ കവാനിയുടെ ഗോളിലാണ് പി.എസ്.ജി ആശ്വാസം കൊണ്ടത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 51ാം മിനുട്ടില്‍ സൂപ്പര്‍ ഹെഡ്ഡറിലൂടെയാണ് ക്രിസ്റ്റ്യാനോ തന്റെ ചാംപ്യന്‍സ് ലീഗ് പെരുമ അടിവരയിട്ടത്. എന്നാല്‍ കവാനിയിലൂടെ 71ാം മിനുട്ടില്‍ പി.എസ്.ജി സമനില പിടിച്ചെങ്കിലും അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ അത് പോരായിരുന്നു.
അതിനിടെ 66ാം മിനുട്ടില്‍ മാര്‍ക്കോ വെറാറ്റി ചുവപ്പ് കാര്‍ഡ് വാങ്ങി കളം വിട്ടത് പി.എസ്.ജിക്ക് വന്‍ തിരിച്ചടിയായി മാറുകയും ചെയ്തു. മത്സരം അവസാനിക്കാന്‍ പത്ത് മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കസെമിറോയുടെ ഗോളില്‍ റയല്‍ വിജയം ഉറപ്പാക്കി. മത്സരത്തിലുടനീളം റയല്‍ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 51 ശതമാനവും പന്ത് കൈവശം വച്ച റയല്‍ 22 തവണയാണ് പി.എസ്.ജിയുടെ നേരെ ആക്രമണം നടത്തിയത്. മറുഭാഗത്ത് ആതിഥേയരാകട്ടെ എട്ട് തവണ മാത്രമാണ് റയലിന്റെ ഭാഗത്തേക്ക് ആക്രമണം നയിച്ചത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തിയതാണ് ആന്‍ഫീല്‍ഡിലെ പോര്‍ട്ടോയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ പോരാട്ടത്തിന്റെ ബാക്കിപത്രം. നേരത്തെ 2008-09 സീസണിലാണ് ഇംഗ്ലീഷ് ടീം ചാംപ്യന്‍സ് ലീഗിന്റെ അവസാന എട്ടില്‍ പോരിനെത്തിയത്.
ഗോള്‍രഹിതമായി തീര്‍ന്ന രണ്ടാം പോരാട്ടത്തില്‍ വെറ്ററന്‍ ഗോള്‍ കീപ്പറും മുന്‍ റയല്‍ നായകനുമായ ഇകര്‍ കാസിയസിനെ ആദ്യ പാദ മത്സരത്തില്‍ കളിപ്പിക്കാതിരുന്ന പോര്‍ട്ടോയ്ക്ക് സ്വയം പഴിക്കാം. ആദ്യ പാദ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ അഞ്ച് ഗോള്‍ വഴങ്ങി ഏറെക്കുറേ പുറത്തേക്കുള്ള വഴി തുറന്ന പോര്‍ട്ടോ ലിവര്‍പൂളിനെ രണ്ടാം പാദ പോരാട്ടത്തില്‍ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടി.
ആദ്യ പാദത്തിലെ മികച്ച എവേ വിജയത്തിന്റെ ബലത്തില്‍ ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്കും പോര്‍ട്ടോ പുറത്തേക്കുമുള്ള വഴികള്‍ തുറന്നു. മത്സരത്തില്‍ പന്തടക്കം ലിവര്‍പൂളിനായിരുന്നു. എന്നാല്‍ ആക്രമണം നടത്തുന്നതില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."