ഗോകുലത്തിന് സമനില ഏഴാം സ്ഥാനവുമായി മടക്കം
കോഴിക്കോട്: ഐ ലീഗിലെ അവസാന പോരാട്ടത്തില്‍ ഗോകുലം കേരള എഫ്. സിക്ക് മോഹന്‍ ബഗാനെതിരേ സമനില. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്കോറിനാണ് മോഹന്‍ ബഗാനെ ഗോകുലം സമനിലയില്‍ തളച്ചത്. കിരീട പ്രതീക്ഷയുണ്ടായിരുന്ന മോഹന്‍ ബഗാന് ജീവന് മരണ പോരാട്ടമാണ് പുറത്തെടുത്തത്. ഇന്ന് വിജയിക്കുകയാണെങ്കില്‍ ഗോകുലത്തിന് സൂപ്പര്‍ കപ്പ് യോഗ്യത കിട്ടുമെന്നിരിക്കെ ഗോകുലവും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയായിരുന്നു ഇറങ്ങിയത്. പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെ സൂപ്പര്‍ കപ്പ് പ്രവേശത്തിനായി ഗോകുലം യോഗ്യതാ മത്സരങ്ങള്‍ കളിക്കണം.
കളി തുടങ്ങി 26ാം മിനുട്ടില്‍ ബഗാനാണ് ലീഡെടുത്തത്. ഡി ബോക്സിന്റെ പത്ത് മീറ്റര്‍ അകലെ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ബഗാന് താരം പന്ത് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. റീ ബൗണ്ട് വന്ന പന്തിനെ ബഗാന് താരം അസര്‍ പിയരിക്ക് ഡിപാന്‍ഡ ഹെഡ്ഡറിലൂടെ വലയിലാക്കിയാണ് ബഗാന് ലീഡ് സമ്മാനിച്ചത്. ഗോള്‍ തിരിച്ചടിക്കാനായി ഗോകുലം താരങ്ങള്‍ നിരന്തരം ബഗാന് ഗോള്‍ മുഖത്ത് ആക്രമണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ ഗോകുലം സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം ആരവത്തില്‍ മുങ്ങി. 45-ാം മിനുട്ടില്‍ ഹെന്റി കിസെക്കയുടെ വകയായിരുന്നു ഗോകുലത്തിന്റെ സമനില ഗോള്‍.
ഗോള്‍ വീഴാതിരിക്കാന്‍ പഴുതടച്ച പ്രതിരോധവുമായി രണ്ടാം പകുതിയില്‍ ഗോകുലം താരങ്ങള്‍ നിലയുറപ്പിച്ചപ്പോള്‍ പലപ്പോഴും ബഗാന് മുന്നേറ്റ നിര വിയര്‍ത്തു. പ്രതിരോധം കനപ്പിച്ചത് കാരണം ഗോകുലത്തിന്റെ നാല് പ്രതിരോധ താരങ്ങള്‍ക്കാണ് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ബഗാന്റെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിഷ്പ്രഭമാക്കിയ ഗോകുലം ഗോള്‍കീപ്പര്‍ നിഖില്‍ ബര്‍ണാഡാണ് കളിയിലെ താരം. ബര്‍ണാഡിന്റെ മികച്ച സേവുകളാണ് കൂടുതല്‍ ഗോള്‍ വീഴാതെ ഗോകുലത്തെ കാത്തത്. മത്സരം സമനിലയായതോടെ ഗോകുലം എഫ്.സി ഏഴാം സ്ഥാനമാണ് കന്നി ഐ ലീഗ് പോരാട്ടത്തില്‍ സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."