പട്ടിണി; യെമനില്‍ കുട്ടികള്‍ മരിച്ചുവീഴുന്നു
ജിദ്ദ: യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ പട്ടിണി മൂലം നിരവധി കുട്ടികള്‍ മരിച്ചു വീഴുന്നു. പോഷകാഹാരക്കുറവും കടുത്ത പട്ടിണിയും ക്ഷാമവും മൂലമാണ് പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേര്‍ മരിക്കുന്നത്. പട്ടിണി മൂലം ദുര്‍ബലമായ കുട്ടികളുടെ മെലിഞ്ഞൊട്ടിയ ശരീരത്തിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. മേഖലയിലേക്കെത്തുന്ന മാനുഷിക സഹായങ്ങള്‍ ഹൂതികള്‍ തടയുന്നതാണ് പട്ടിണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. തങ്ങളുടെ കുട്ടികള്‍ക്കുള്ള അടിസ്ഥാന ഭക്ഷണമായ ബ്രഡും പാലും പോലും ലഭിക്കാതെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഇതിനോടകം ഡസന്‍കണക്കിന് കുഞ്ഞുങ്ങളാണ് ഇവിടെ മരണപ്പെട്ടത്.
പോഷകാഹാരക്കുറവ് ഇവിടെ കാട്ടുതീപോലെയാണ് പടരുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
വടക്കന്‍ യെമനിലെ ഹഫാഷ് ഡയറക്റ്ററേറ്റ് മേഖലയിലാണ് പട്ടിണി ഏറ്റവും കൂടുതല്‍ ബാധിച്ചത്. അടിയന്തിര ചികിത്സാ സഹായം ലഭിക്കാതെയാണ് കുട്ടികള്‍ മരിച്ചു വീണത്. കൂടാതെ ജനങ്ങള്‍ക്കിടയില്‍ മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടേക്കുള്ള മാനുഷിക സഹായങ്ങള്‍ ഹൂതി സായുധ സംഘം തടയുകയാണ്. ഇതും പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യു.എന്നും നല്‍കുന്ന സഹായങ്ങള്‍ ഹൂതികള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. യെമനിലെ കുട്ടികളെ രക്ഷിക്കാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വരണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."