രക്ഷാപ്രവര്‍ത്തനത്തിന് നടപടിക്രമം പാലിക്കണം: ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലിസിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിശ്ചിത നടപടിക്രമം പാലിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാലിന് കൊട്ടാരക്കര കുളക്കടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തവേ വാഹനാപകടത്തില്‍പെട്ട് സിവില്‍ പൊലിസ് ഓഫിസര്‍ വിപിന്‍കുമാര്‍ മരണപ്പെടുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയത്.
വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്ന പൊലിസ് സംഘത്തിലെ ഒരാളെ വ്യക്തമായി കാണുന്ന സൂചനാ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി നിയോഗിക്കണം. അപകട സ്ഥലത്തുനിന്ന് സുരക്ഷിത ദൂരപരിധി കഴിഞ്ഞാവണം ഇത്തരം സൂചനാ അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ഹൈവേ പട്രോള്‍ ടീമംഗങ്ങള്‍ രാത്രിയില്‍ പ്രതിഫലന സ്വഭാവമുള്ള ജാക്കറ്റ് ധരിക്കണം.
രാത്രിസമയത്ത് റോഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ഡ്രൈവറോ മറ്റൊരു ഉദ്യോഗസ്ഥനോ പ്രകാശം പ്രതിഫലിപ്പിക്കുന്ന ബാറ്റണ്‍ ഉപയോഗിച്ച് വാഹനങ്ങളെ നിയന്ത്രിക്കണം. അപകടസ്ഥലത്തെ റോഡിന്റെ സ്ഥിതി മനസിലാക്കി, രക്ഷാപ്രവര്‍ത്തനം നടത്തുന്ന പൊലിസ് പാര്‍ട്ടിക്ക് വീണ്ടും അപകടം ഉണ്ടാകാത്തവിധം ക്രമീകരണം ഒരുക്കണം. അടിയന്തിര സിഗ്നലുകള്‍ നല്‍കുന്നതിനും വെളിച്ചമുറപ്പാക്കുന്നതിനും ഹൈവേ പട്രോള്‍ വാഹനം ആവശ്യമാണെങ്കില്‍ ഉപയോഗിക്കാം. വളവുകള്‍ പോലുള്ള സ്ഥലത്താണ് അപകടമെങ്കില്‍ പൊലിസ് വാഹനത്തിലെ സൈറണ്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സൂചനകള്‍ നല്‍കുകയും അപകട സാഹചര്യം ഒഴിവാക്കുകയും വേണം.
ട്രാഫിക് നോര്‍ത്ത്, സൗത്ത് എസ്.പി മാരും ജില്ലാ പൊലിസ് മേധാവിമാരും ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കണമെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."