നാല്‍പ്പാത്തിമല കേഴുന്നു; ഒരിറ്റു വെള്ളത്തിനായി
അതിരമ്പുഴ: വേനല്‍ രൂക്ഷമായതോടെ അതിരമ്പുഴയിലെ നാല്‍പാത്തിമല നിവാസികള്‍ നെട്ടോട്ടം ആരംഭിച്ചു. ഒരിറ്റു വെള്ളത്തിനായി. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ വല്ലപ്പോഴും നൂല്‍വണ്ണത്തില്‍ പൈപ്പിലൂടെ എത്തുന്ന വെള്ളം മാത്രമായി ഇവരുടെ ആശ്രയം. നാല്‍പാത്തിമല പള്ളിയുടെ സമീപ പ്രദേശങ്ങളിലും ഓണംകുളം റോഡിലുമാണ് കുടിവെള്ളക്ഷാമം ഏറെയും അനുഭവപ്പെടുന്നത്.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പെട്ട പ്രദേശമാണ് നാല്‍പാത്തിമല. എം.ജി.യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ ഒട്ടേറെ താമസിക്കുന്ന സ്ഥലവും. ഓണംകുളം റോഡില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള നാല് ടാപ്പുകളായിരുന്നു സമീപവാസികളുടെ ഏക ആശ്രയം.ഇതില്‍ രണ്ട് ടാപ്പുകളിലൂടെ ജലം എത്തുന്നേയില്ല.
മറ്റ് ടാപ്പുകളില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ജലമെത്തുന്നത്. അതും എത്ര സമയം ലഭിക്കുമെന്ന് പറയാനാവില്ല. അമ്പതിലധികം കുടുംബങ്ങളാണ് ഈ വഴിയരികില്‍ താമസിക്കുന്നത്. വെള്ളം വന്നതറിഞ്ഞ് എല്ലാവരും ഓടിയെത്തുമ്പോഴേക്കും നീരൊഴുക്ക് നിലച്ചിട്ടുണ്ടാകും.വളരെ ഉയര്‍ന്ന പ്രദേശമായതിനാല്‍ വേനല്‍ ആരംഭിക്കുമ്പോഴേ കിണറുകള്‍ വറ്റി തുടങ്ങും. വന്‍തുക തൊടുത്ത് വെള്ളം മേടിക്കുവാനുള്ള സാമ്പത്തികശേഷി ഉള്ളവരല്ല പ്രദേശവാസികളില്‍ പലരും. അതുകൊണ്ട് തന്നെ ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മുണ്ടകപ്പാടം ഭാഗത്തുനിന്നുമാണ് കുടെവെള്ളം ശേഖരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കടുത്ത വേനലില്‍ മുണ്ടകപ്പാടത്ത് കുഴിച്ച കുളമാണ് ഇവര്‍ ആശ്രയിക്കുന്നത്.
കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളപ്രശ്‌നത്തിന് ശാശ്വതപരിഹാരം ലഭിക്കുന്നതിനായി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ ദിവസം ആര്‍പ്പൂക്കരയില്‍ ജല അതോറിറ്റിയുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ സത്യാഗ്രഹസമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."