സഊദിവല്‍ക്കരണം അക്കൗണ്ടിംഗ് മേഖലയിലേക്കും; പുതിയ പ്രവാസികള്‍ക്കും തിരിച്ചടിയാവും
ജിദ്ദ: സഊദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദിയിലെ അക്കൗണ്ടിംഗ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ സഊദികളേക്കാള്‍ ഏറെ കൂടുതലാണ് അക്കൗണ്ടില്‍ രംഗത്തെ വിദേശികളുടെ എണ്ണമെന്ന് യോഗം വിലയിരുത്തി.
171,800 അക്കൗണ്ടന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവരില്‍ 4800 പേര്‍ മാത്രമാണ് സഊദികള്‍. ബാക്കി 167,000 പേരും വിദേശികളാണെന്ന് അതോറിറ്റി ഓഫ് ദി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സെക്രട്ടറി ജനറല്‍ അഹ്മദ് അല്‍ മിഗ്മാസ് യോഗത്തെ അറിയിച്ചു.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്നും കൂടുതല്‍ സ്വദേശികളെ അക്കൗണ്ടിംഗ് രംഗത്തേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സഊദി തൊഴില്‍സാമൂഹ്യവികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ വിദേശികളെ ജോലിക്കെടുക്കുമ്പോള്‍ അക്കൗണ്ടിംഗ് മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെ മാത്രമേ ഇനി മുതല്‍ നിയമിക്കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ക്രമേണ ഈ മേഖലയില്‍ സഊദികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ടില്‍ മേഖലയില്‍ കൂടുതല്‍ സഊദികള്‍ക്ക് പരിശീലനവും പ്രോല്‍സാഹനവും നല്‍കാനും യോഗത്തില്‍ തീരുമാനമായി. സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ കൂടുതലുള്ള മേഖലയാണ് അക്കൗണ്ടിംഗ്. പുതിയ തീരുമാനത്തോടെ കോഴ്‌സുകള്‍ കഴിഞ്ഞ് നേരെ സഊദിയിലെത്തുന്ന പ്രവാസികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുക പ്രയാസമാവും. സഊദിവല്‍ക്കരണം ശക്തിപ്പെടുന്നതോടെ നിലവിലുള്ളവര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാവും ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."