വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത്: കടുത്ത നടപടികളുമായി കസ്റ്റംസ്
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി വിദേശത്തുനിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നതിന് തടയിടാന്‍ കസ്റ്റംസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗ സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നതും സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയാണ്. വര്‍ധിച്ചു വരുന്ന സ്വര്‍ണക്കടത്തിന് തടയിടാന്‍ കസ്റ്റംസ് വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കള്ളക്കടത്ത് അനുദിനം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കസ്റ്റംസ് അധികൃതര്‍ നീങ്ങുന്നത്.
ഇതിന്റെ ഭാഗമായി അനധികൃതമായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പിടിയിലാകുന്ന പ്രതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ പേര് വിവരങ്ങള്‍ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് കൈമാറാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ കൈമാറേണ്ട പേരുകള്‍ കസ്റ്റംസ് തയാറാക്കി വരികയാണ്. അടുത്ത ദിവസം തന്നെ ഇവ പാസ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്ക് കൈമാറും. പാസ്‌പോര്‍ട്ട് ഓഫിസര്‍ ഇവര്‍ക്ക് നോട്ടിസ് നല്‍കി വിശദീകരണം ചോദിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക. നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ തുടര്‍ച്ചയായി പിടിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിലുള്ളത്. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കുറഞ്ഞ അളവില്‍ സ്വര്‍ണവുമായി പിടിക്കപ്പെട്ടവരെയും ഒരു തവണ മാത്രം പിടിയിലായവരെയും ഒഴിവാക്കും. ഇതോടൊപ്പം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായി 'കോഫെപോസ' ചുമത്തപ്പെട്ട പ്രതികളുടെ പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടും.
സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി നടന്നു വരുന്ന സ്വര്‍ണക്കടത്ത് തടയാന്‍ ലക്ഷ്യമിട്ടാണ് കസ്റ്റംസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്. സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരിക്കല്‍ പിടിക്കപ്പെടുന്ന കാരിയര്‍മാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് കൈപറ്റിയ ശേഷം വീണ്ടും വിദേശത്ത് പോയി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ ചിലര്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു.
വീണ്ടും സ്വര്‍ണവുമായി വരുമ്പോള്‍ നേരത്തേ പിടിക്കപ്പെട്ട വിമാനത്താവളത്തിലേക്ക് വരാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിയിലായവരുടെ ലിസ്റ്റ് മൊത്തമായി പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് റദ്ദാക്കേണ്ടവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് അടുത്ത ദിവസം പിടിയിലായ മുഹമ്മദ് അസ്‌ലം എന്നയാള്‍ മുന്‍പ് 15 തവണ സ്വര്‍ണം കടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
പിടിക്കപ്പെടുന്നവരെ വിശദമായി ചോദ്യം ചെയ്ത് മുന്‍പും ഇവര്‍ സ്വര്‍ണക്കടത്ത് നടത്തി പിടിക്കപ്പെടാതെ രക്ഷപ്പെട്ടതായി വ്യക്തമായാല്‍ അവരെയും പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തും. 2017ല്‍ മാത്രം അനധികൃത സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 500ല്‍ അധികം കേസുകളാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."