സമ്മതപത്രം നല്‍കിയെന്നത് നാടകം: സുരേഷ് കീഴാറ്റൂര്‍
തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ ബൈപാസ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കുന്നതിന് ഉടമകള്‍ സമ്മതപത്രം നല്‍കിയെന്ന മട്ടില്‍ കഴിഞ്ഞദിവസം നടന്നത് നാടകമെന്ന് വയല്‍കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍. ജയിംസ്മാത്യു എം.എല്‍.എയുടെ നാടകത്തിന് കലക്ടര്‍ മിര്‍ മുഹമ്മദലിയും കൂട്ട്നിന്നുവെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. വയല്‍പ്രദേശത്ത് സ്ഥലമുള്ള രണ്ടുപേര്‍ മാത്രമാണ് ഇന്നലെ സമ്മതപത്രം നല്‍കിയതെന്നും ബാക്കി 56 പേരും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂവോട്, കുറ്റിക്കോല്‍ ഭാഗത്ത് പ്രശ്നങ്ങള്‍ നിലവിലില്ലാത്ത സ്ഥലത്തെ ചില സി.പി.എം പ്രവര്‍ത്തകര്‍ നല്കിയ സമ്മതപത്രമാണ് കീഴാറ്റൂര്‍ വയലിന്റെ അവകാശികളെന്ന പേരില്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ക്ക് വയല്‍കിളികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള മൗലികാവശത്തിന് വിലക്കേര്‍പ്പെടുത്താന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഐക്യദാര്ഢ്യസമിതിയുെട നേതൃത്വത്തില്‍ 15ന് വൈകുന്നേരം നാലിന് കീഴാറ്റൂരില്നിന്നു തളിപ്പറമ്പിലേക്ക് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."