നഗരത്തില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങി
തൊടുപുഴ : നഗരത്തില്‍ പാലാ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ നടപടി തുടങ്ങി. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം പാലാ റോഡില്‍ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കുന്നത്. മണക്കാട് ബൈപാസിനോടു ചേര്‍ന്നുള്ള കലുങ്കു പുതുക്കിനിര്‍മിക്കുകയും ഇവിടെ നിന്നുള്ള വെള്ളമൊഴുക്കു സുഗമമാക്കുന്നതിന് ഓടയുടെ തടസ്സം ഒഴിവാക്കുകയും െചയ്യുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്.
ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കലുങ്കു നിര്‍മിക്കും. കലുങ്കിന്റെ അടിഭാഗത്തെ സ്‌ലാബ് താഴ്ന്നുകിടക്കുന്നതിനാല്‍ മഴക്കാലമാകുമ്പോള്‍ വെള്ളം ഒഴുകുന്നതിനു തടസ്സം നേരിടുകയും വെള്ളക്കെട്ടില്‍ റോഡില്‍ വെള്ളം ഉയര്‍ന്നു ഗതാഗത തടസ്സവും വ്യാപാരശാലകളില്‍ വെള്ളം കയറി നാശം ഉണ്ടാകുന്നതും പതിവായിരുന്നു.
ഇതെത്തുടര്‍ന്നാണ് ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു പൊതുമരാമത്ത് അധികൃതര്‍ കലുങ്കിന്റെ അടിഭാഗത്തു താഴ്ന്നുകിടന്നിരുന്ന സ്ലാബുകള്‍ മാറ്റി ഉയര്‍ത്തി നിര്‍മിക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചിരിക്കുന്നത്. മണക്കാട് ബൈപാസിനു കുറുകെയുള്ള കലുങ്കു പൊളിച്ചുനീക്കി പുതിയ കലുങ്കു നിര്‍മിക്കുന്നതിനായി 25 ലക്ഷം രൂപയുടെ ടെന്‍ഡറാണ് അനുവദിച്ചിരിക്കുന്നത്.
ആദ്യം കലുങ്കു കോണ്‍ക്രീറ്റ് ചെയ്യും. കോണ്‍ക്രീറ്റ് ചെയ്യുന്ന ഭാഗം വെള്ളം കെട്ടിനിര്‍ത്തി ബലവത്താക്കിയ ശേഷം റോഡ് പഴയപടി പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനായി ഒരു മാസമെടുക്കും. അതേസമയം ഇവിടെ നിന്നു പുഴയിലേക്കു വെള്ളം ഒഴുകുന്ന ഓട വീതി കുറവുള്ളതിനാല്‍ കലുങ്കു നിര്‍മിച്ചാലും താഴെ ഭാഗത്തേക്കു നീരൊഴുക്കു തടസ്സപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പലരും കെട്ടിടം നിര്‍മിച്ചപ്പോള്‍ നേരത്തേയുണ്ടായിരുന്ന തോട്ടിലേക്ക് ഇറക്കി കെട്ടി കയ്യേറിയതാണു തോടു വീതി കുറയാന്‍ കാരണമെന്നു നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ കലുങ്കുനിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം താഴേക്കുള്ള തോടും പരമാവധി വീതിയില്‍ എടുത്താല്‍ മാത്രമേ നീരൊഴുക്കു സുഗമമാകൂ. ഇതിനു പുറമേ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്നും, ഐഎംഎ റോഡില്‍ നിന്നും സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നുമെല്ലാമുള്ള മഴവെള്ളം റോഡിലൂടെ ഒഴുകിയെത്തുന്നതു വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."