വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട
കുമ്പള: തിരുപ്പതി ക്ഷേത്രദര്‍ശനത്തിനു പോയ കുടുംബം സഞ്ചരിച്ച സൈലോ ജീപ്പില്‍ ബസിടിച്ചു മരിച്ചവര്‍ക്കു നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. മരിച്ചവരുടെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും നൂറുകണക്കിനു പേരാണ് എത്തിയത്.
നിയമ നടപടികള്‍ ക്കു ശേഷം ഇന്നലെ പുലര്‍ച്ചെയോടെയാണ് നാലു മൃതദേഹങ്ങളും മംഗല്‍പ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയില്‍ എത്തിച്ചു.മധൂര്‍, പറക്കില, മന്നിപ്പാടിയിലെ സദാശിവ ഗട്ടി (55)യുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സാണ് ആദ്യം നായ്ക്കാപ്പിലെത്തിയത്.
പൊതുദര്‍ശനത്തിനുശേഷം മന്നിപ്പാടിയിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തുടര്‍ന്ന് പക്കീരഗട്ടി (77), അനുജന്‍ മഞ്ചപ്പ ഗട്ടി (68), ഇദ്ദേഹത്തിന്റെ ഭാര്യ സുന്ദരി (55) എന്നിവരുടെ മൃതദേഹവും നായ്ക്കാപ്പിലെ വീട്ടിലെത്തിച്ചത്. നാട്ടുകാരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയശേഷം മൂന്നുപേരെയും നാരായണ മംഗലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഉണ്ടായ അപകടത്തിലാണ് മധൂര്‍, പള്ളക്കോട് ഗട്ടി തറവാട്ടംഗങ്ങളായ നാലുപേരും അപകടത്തില്‍ മരിച്ചത്. തറവാട്ടിലെ കാണിക്കവഞ്ചി, തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരുക്കേറ്റ സഹയാത്രികരായ ആറുപേര്‍ ചിറ്റൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."