ഇനി എല്ലായിടത്തും ക്ഷയരോഗ നിര്‍ണയം; മൊബൈല്‍ ടി.ബി ലാബ് വാനുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കാര്യക്ഷമമായ ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ എല്ലായിടത്തും ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൊബൈല്‍ ടി.ബി ലാബ് വാനുമായി ആരോഗ്യ വകുപ്പ്. ലോക ക്ഷയരോഗ ദിനമായ 24 മുതല്‍ മൊബൈല്‍ ടി.ബി. ലാബിന്റെ സേവനം ലഭ്യമാകും. രണ്ട് മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. തികച്ചും സൗജന്യമായ മൊബൈല്‍ ടി.ബി ലാബിന്റെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാക്കും.
നൂതന ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ഷയരോഗനിര്‍ണയം നടത്തുന്നതിനും മരുന്നുകളെ പ്രതിരോധിക്കുന്ന തരം (എം.ഡി.ആര്‍. എക്‌സ്.ഡി.ആര്‍.) ക്ഷയരോഗമാണോയെന്ന് തിരിച്ചറിയുന്നതിനുമുള്ള അത്യാധുനിക സംവിധാനമായ സിബിനാറ്റ് എല്ലാ സജ്ജീകരണങ്ങളോടും കൂടി ഈ വാനില്‍ ലഭ്യമാക്കിയിട്ടുണ്ട്. തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനായി ജനറേറ്റര്‍ സംവിധാനവും യു.പി.എസ് സംവിധാനവുമുണ്ട്. എയര്‍ കണ്ടീഷന്‍ സൗകര്യം, പരിശോധന കിറ്റ് സൂക്ഷിക്കുന്നതിനുള്ള റഫ്രിജറേറ്റര്‍, വാട്ടര്‍ ടാങ്ക്, മലിനജലം സംഭരിക്കുന്നതിനുള്ള ടാങ്ക്, പരിശോധനാ ഫലം തയാറാക്കി നല്‍കുന്നതിനുള്ള സംവിധാനം എന്നിവയും വാനിലുണ്ട്.
പരിശോധനാ സംവിധാനങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങള്‍, മലയോര പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍, യാത്രാസൗകര്യം കുറഞ്ഞ ജനവാസ കേന്ദ്രങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, സാമൂഹ്യ സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കും.
ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി നടന്നുവരുന്ന ഭവന സന്ദര്‍ശനത്തില്‍ ക്ഷയരോഗ പരിശോധനയ്ക്ക് നിര്‍ദേശിക്കപ്പെടുന്നവര്‍ക്കും ഈ മൊബൈല്‍ ടി.ബി ലാബിന്റെ സേവനം ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."