ജനമുന്നേറ്റത്തിനു മുന്‍പില്‍ ഭരണകൂടധാര്‍ഷ്ട്യം തകരും
ജനമുന്നേറ്റങ്ങള്‍ക്കു മുന്‍പില്‍ ഭരണകൂട ധാര്‍ഷ്ട്യം തകര്‍ന്നു വീണതിന് എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. ഏകാധിപതികളും സ്വേഛാധിപതികളും വിശക്കുന്ന മനുഷ്യരുടെ ക്ഷോഭത്തിനു മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്.
ജനവിരുദ്ധനായ ഫ്രഞ്ച് സ്വേഛാധിപതി ലൂയി പതിനാലാമന്റെ കൊട്ടാരത്തിലേക്കു ജനം ഇരച്ചുകയറിയാണ് ആ ദുര്‍ഭരണം അവസാനിപ്പിച്ചത്. റൊട്ടിയെവിടെ എന്നു ചോദിച്ച ജനതയെ പുച്ഛിക്കും വണ്ണം ലൂയി പതിനാലാമന്റെ ഭാര്യ മേരി അവര്‍ക്കു റൊട്ടിയില്ലെങ്കില്‍ കേക്ക് തിന്നുകൂടെയെന്നു ചോദിച്ചതു ചരിത്രമാണ്.
ആ ചരിത്രനിമിഷത്തെ ഓര്‍മിപ്പിച്ചു ബി.ജെ.പി എം.പിയും യുവ മോര്‍ച്ചാ ദേശീയ പ്രസിഡന്റുമായ പുനം മഹാജന്‍, മഹാപ്രവാഹമായി നാസിക്കില്‍ നിന്നു കാല്‍നടയായി വന്ന കര്‍ഷകസമൂഹത്തെ നോക്കി അവര്‍ പുച്ഛത്തോടെ പറഞ്ഞത് നാഗരിക മാവോയിസ്റ്റുകളാണ് വരുന്നതെന്നാണ്. 180 കിലോമീറ്റര്‍ ദൂരം രാവും പകലും താണ്ടി ചോരയൊലിക്കുന്ന പാദങ്ങളോടെ മുംബൈയിലെത്തിയ അരലക്ഷത്തോളം കര്‍ഷകരെ നോക്കിയാണു പുനം മഹാജന്‍ ഈ പരിഹാസം ചൊരിഞ്ഞത്.
മാവോ സേതുങിന്റെ നേതൃത്വത്തില്‍ ചിയാങ് കൈഷക്കിനെതിരേ നടന്ന ലോങ് മാര്‍ച്ചാണു ചരിത്രത്തിലെ മറ്റൊരു ഐതിഹാസിക സംഭവം. ഈ സമരത്തെ തുടര്‍ന്നാണ് ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണമാരംഭിച്ചത്. കമ്മ്യൂണിസത്തിന്റെ ലേബലില്‍ മാവോ ചൈനയുടെ ഏകാധിപതിയായി. ഒരു ആശയം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ അമരുമ്പോള്‍ അതെങ്ങനെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണോപകരണമായി മാറുന്നുവെന്നതിന്റെ തെളിവായിരുന്നു മാവോ സേതുങിന്റെ ഭരണം. കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതു മറ്റൊന്നല്ല. ഒരാശയത്തെ സംഘടനാബലം എങ്ങനെ ജീര്‍ണിപ്പിക്കുമെന്നതിന്റെ തെളിവാണു കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം.
സി.പി.എമ്മിന്റെ മേല്‍വിലാസമുള്ള അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു നാസിക്കില്‍ നിന്നു 30,000ത്തോളം കര്‍ഷകര്‍ കാല്‍നടയായി ആറു ദിവസം നീണ്ടുനില്‍ക്കുന്ന മാര്‍ച്ച് ആരംഭിച്ചതെങ്കിലും വളരെ വേഗത്തില്‍ അതൊരു ജനകീയ കൂട്ടായ്മയായി മാറി. മുംബൈയില്‍ എത്തുമ്പോഴേക്കും മാര്‍ച്ചില്‍ അരലക്ഷത്തിലധികം പേരാണു പങ്കെടുത്തത്. ആരോടും സഹായം ചോദിക്കാതെ ആരെയും പ്രയാസപ്പെടുത്താതെയായിരുന്നു ആ മഹാപ്രവാഹം.
വിശക്കുന്നവന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ ഏതൊരു ഭരണകൂടവും മുട്ടുകുത്തേണ്ടിവരുമെന്ന് ഈ കര്‍ഷക പ്രക്ഷോഭം തെളിയിച്ചു. കര്‍ഷകറാലിയെ തുടക്കത്തില്‍ നിസ്സാരമായികണ്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാര്‍ച്ച് മുംബൈയുടെ പടിവാതിലില്‍ എത്തിയപ്പോഴേക്കും കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനുള്ള തയ്യാറെടുപ്പിലായി. ജനപ്രക്ഷോഭത്തിനു മുന്‍പില്‍ മുഖ്യമന്ത്രി സുല്ലു പറയുകയായിരുന്നു. ഇസ്തിരിയിട്ട വെള്ളക്കുപ്പായവും മസില്‍ പിടിച്ച മുഖങ്ങളുമായി നേതാക്കള്‍ ജനകീയ സമരങ്ങള്‍ക്കു നേരെ മുഖം തിരിക്കുമ്പോള്‍ ജീവിക്കാന്‍ വേണ്ടിയുള്ള നിര്‍ധനന്റെ പോരാട്ടം അവസാനിക്കുന്നില്ല.
മണ്ണും മനുഷ്യനുമില്ലാതെ ഒരു ഭരണകൂടത്തിനും നിലനില്‍ക്കാനാവില്ല. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളിക്കു മുന്‍പില്‍ ഭരണകൂട ധാര്‍ഷ്ട്യം പരാജയപ്പെടും. ഒരു ദിവസം സെക്രട്ടേറിയറ്റ് വളഞ്ഞു സമരം ചെയ്തപ്പോഴേക്കും ശുചിമുറിയോര്‍ത്തു സമരം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷമെന്നു പറയുന്ന വ്യവസ്ഥാപിത സംവിധാനത്തിനു നാസിക്കിലെ കര്‍ഷകരില്‍ നിന്നു പാഠമുണ്ട്. സഹജീവികളുടെ കാലു വെട്ടിയല്ല മനുഷ്യരുടെ ഹൃദയങ്ങള്‍ കീഴടക്കേണ്ടത്. അവന്റെ അന്നത്തിനു വേണ്ടിയുള്ള, മണ്ണിനു വേണ്ടിയുള്ള, അന്തിയുറങ്ങാനുള്ള കൂരയ്ക്കു വേണ്ടിയുള്ള സമരത്തിനു മുന്നില്‍ നിന്നുകൊണ്ടായിരിക്കണം.
ഒരു ജനത അവരുടെ ദൗത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സ്രഷ്ടാവ് അവിടെ പകരം മറ്റൊരു ജനതയെ കൊണ്ടു വന്ന് ആ ദൗത്യം നിറവേറ്റുമെന്ന് പരിശുദ്ധ ഖുര്‍ആനിലെ സൂറത്ത്(അധ്യായം) മുഹമ്മദില്‍ പറയുന്നുണ്ട്. അതുതന്നെയാണു നാസിക്കിലെ കര്‍ഷകര്‍ നിറവേറ്റിയിരിക്കുന്നത്. സമരപ്രഹസനങ്ങളല്ലാതെ, ജീവന്റെ തുടിപ്പുള്ള സമരങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. ദേവേന്ദ്ര ഫട്‌നാവിസ് കര്‍ഷകരുടെ ആവശ്യങ്ങള്‍ രേഖാമൂലം അംഗീകരിച്ചത് അതിന്റെ ജീവിക്കുന്ന തെളിവാണ്. കാര്‍ഷികലോണുകള്‍ എഴുതിത്തള്ളാനും ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും ഭൂമി കൈമാറുവാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
കോടികള്‍ തട്ടിയെടുത്തു വിദേശത്തേക്കു കടന്നുകളയുന്നവരെ സഹായിക്കുന്ന നിലപാട് രാജ്യത്തെ ബാങ്കുകളും ഭരണകര്‍ത്താക്കളും കൈകൊള്ളുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്താല്‍ കൃഷി നശിച്ച കര്‍ഷകന്റെ കിടപ്പാടം ജപ്തി ചെയ്യാന്‍ യാതൊരു മടിയും കാണിക്കാത്ത ഭരണകൂട നീചപ്രവൃത്തികളെ ഇത്രയും നാള്‍ അടക്കിപ്പിടിച്ച ക്ഷോഭത്തോടെ കാണുകയായിരുന്നു കര്‍ഷകസമൂഹം. അമ്പതിനായിരം കര്‍ഷകരെ സംഘടിപ്പിക്കാന്‍ അവര്‍ക്കു പ്രത്യേക പ്രചാരണ പരിപാടികള്‍ ആവശ്യമില്ലാതെ വന്നതും ഇതിനാലാണ്.
കോര്‍പറേറ്റുകളെ താലോലിക്കുകയും അവരുടെ ഭീമമായ കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുന്ന സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകനെ അവഗണിച്ചുകൊണ്ടിരിക്കുന്നത് ഏറെക്കാലം തുടരാനാവില്ല എന്നതിന്റെയും ഭരണകൂടത്തിന്റെ മുതലാളിത്ത ചങ്ങാത്തം എതിര്‍ക്കുവാന്‍ ഇന്ത്യന്‍ ജനതക്ക് കൊടിയും പാര്‍ട്ടിയും തടസ്സമാകില്ലെന്നുമുള്ളതിന്റെയും മുന്നറിയിപ്പാണ് 50,000 കര്‍ഷകര്‍ മുംബൈയില്‍ നേടിയെടുത്ത വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."