മുന്‍ ഇരട്ടച്ചാരനു നേരെ വധശ്രമം; ബ്രിട്ടന്റെ അന്ത്യശാസനം; മുഖവിലക്കെടുക്കാതെ റഷ്യ
ലണ്ടന്‍/മോസ്‌കോ: മുന്‍ ഇരട്ടച്ചാരനു നേരെയുള്ള വധശ്രമത്തിനു പിറകെ ബ്രിട്ടനും റഷ്യയ്ക്കുമിടയില്‍ ഉടലെടുത്ത നയതന്ത്ര സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തു എങ്ങനെയാണ് തങ്ങളുടെ മുന്‍ ചാരനു നേരെ പ്രയോഗിച്ചതെന്നു വ്യക്തമാക്കണമെന്ന് ബ്രിട്ടന്‍ റഷ്യയ്ക്ക് അന്ത്യശാസനം നല്‍കി. തൊട്ടുപിറകെ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യ അന്ത്യശാസനം തള്ളിക്കളയുകയും ചെയ്തു.
ബ്രിട്ടന്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെ ഈ മാസം നാലിനാണ് വിഷരാസവസ്തു പ്രയോഗമുണ്ടായത്. ഇതേതുടര്‍ന്ന് ഇരുവരെയും ബ്രിട്ടനിലെ സാലിസ്ബറിയിലെ വ്യാപാര കേന്ദ്രത്തിനടുത്തുള്ള ഇരിപ്പിടത്തില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.
ഇരുവരും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെയാണുള്ളത്. സംഭവത്തില്‍ റഷ്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇതിനു പിറകെയാണ് രാജ്യത്തിന്റെ ശേഖരത്തിലുള്ള രാസായുധം എങ്ങനെ തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കെതിരേ പ്രയോഗിക്കപ്പെട്ടുവെന്നു വ്യക്തമാക്കണമെന്ന് റഷ്യയ്ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയത്. ലണ്ടനിലെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ യാകോവെങ്കോയെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നേരിട്ടു വിളിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തിനു മുന്‍പ് സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും രാസായുധത്തിന്റെ സാംപിളുകള്‍ സമര്‍പ്പിക്കണമെന്നും അന്ത്യശാസനം നല്‍കുകയും ചെയ്തു.
എന്നാല്‍, സംഭവത്തില്‍ റഷ്യ കുറ്റക്കാരല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. അന്വേഷണത്തില്‍ ബ്രിട്ടനുമായി സഹകരിക്കാന്‍ തങ്ങള്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, രാസായുധത്തിന്റെ സാംപിളുകള്‍ തങ്ങള്‍ക്കു കൈമാറണമെന്ന ബ്രിട്ടന്റെ ആവശ്യം മന്ത്രി തള്ളിക്കളഞ്ഞു.
1970കളില്‍ സോവിയറ്റ് സൈന്യവും പിന്നീട് റഷ്യന്‍ സൈന്യവും വികസിപ്പിച്ച രാസായുധമാണ് സ്‌ക്രിപാലിനും മകള്‍ക്കുമെതിരേ പ്രയോഗിച്ചതെന്നു വ്യക്തമായിട്ടുണ്ടെന്നാണ് തെരേസാ മേ പറഞ്ഞത്. ഒന്നുകില്‍ റഷ്യന്‍ ഭരണകൂടം വിഷയത്തില്‍ നേരിട്ട് ഇടപെടുകയോ അല്ലെങ്കില്‍ അവരുടെ നിയന്ത്രണത്തിലുള്ള വന്‍ അപകടകാരിയായ രാസായുധം പുറത്തുള്ളവര്‍ക്കു ലഭിക്കുകയോ ചെയ്തതായാണു വ്യക്തമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അമേരിക്ക, നാറ്റോ, യൂറോപ്യന്‍ യൂനിയന്‍ എന്നിവ റഷ്യയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."