പാര്‍ട്ടിയുടെ ഊരുവിലക്ക്: നിയമ പോരാട്ടത്തിനിടെ റിട്ട. എസ്.ഐക്ക് പൊലിസ് സുരക്ഷ
നീലേശ്വരം: ആറ് വര്‍ഷത്തിലേറെയായി സ്വന്തം കൃഷിഭൂമിയില്‍ പോലും ഇറങ്ങാന്‍ പറ്റാത്ത തരത്തില്‍ പാര്‍ട്ടി ഊരുവിലക്കിയെന്ന റിട്ട. എസ്.ഐ.യുടെ പരാതിയില്‍ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. മടിക്കൈ പഞ്ചായത്തിലെ ശാസ്താംകാവില്‍ സി. ബാലകൃഷ്ണനാണ് അന്നത്തെ പൊലിസ് മേധാവിയുടെ ഉത്തരവ് പ്രകാരം മൂന്ന് വര്‍ഷത്തിന് ശേഷം സുരക്ഷ ഏര്‍പ്പെടുത്തിയത്. സുരക്ഷ നല്‍കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ബാലകൃഷ്ണന് ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് പൊലിസിന്റെ ഈ നീക്കം.
33 വര്‍ഷം കേരള പൊലിസില്‍ സേവനം ചെയ്ത് ചിറ്റാരിക്കാലില്‍ എസ്.ഐ.യായിരിക്കെയാണ് ബാലകൃഷ്ണന് വിരമിച്ചത്. പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. ഇതിനിടെ നാട്ടില്‍ എസ്.എന്‍.ഡി.പി ശാഖ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പാര്‍ട്ടി അനുഭാവികൂടിയായ ബാലകൃഷണന് എസ്.എന്‍.ഡി.പി പോലുള്ള സംഘടന വളര്‍ത്തിയാല്‍ പാര്‍ട്ടിക്കത് ദോഷമായി ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് വകവെക്കാതെ മടിക്കൈ കോളിക്കുന്നില്‍ എസ്.എന്‍.ഡി.പി. ശാഖാ പ്രവര്‍ത്തനവുമായി ബാലകൃഷ്ണന് മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ പ്രകോപിതരായ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇദ്ദേഹത്തെയും കുടുംബത്തേയും അന്ന് ആക്രമിച്ചതായും പരാതിയുണ്ടായിരുന്നു.
സംഭവത്തില്‍ പരാതിപ്പെട്ടെങ്കിലും തന്റെ മൊഴിയും ഒപ്പുമുള്പ്പടെ മാറ്റി നിസാരവകുപ്പുകള്‍ ചുമത്തിയാണ് നീലേശ്വരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബാലകൃഷ്ണന് പറയുന്നു.
വധഭീഷണി ഉണ്ടെന്ന കണ്ടെത്തലില്‍ 2013-ല്‍ അന്നത്തെ ഡി.ജി.പി. ബാലകൃഷണന് പൊലിസ് സംരക്ഷണം നല്കാന് ഉത്തരവിട്ടിരുന്നു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ബാലകൃഷണന് നല്കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്. നിവേദനം സംബന്ധിച്ച് ജില്ലാപൊലിസ് മേധാവി നല്കിയ അന്വേഷണത്തില്‍ ബാലകൃഷ്ണന് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലും പൊലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ബാലകൃഷ്ണന്റെ ആരോപണം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹെക്കോടതിയില്‍ കേസുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ബാലകൃഷ്ണന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഊരു വിലക്കിയ നടപടിക്കെതിരേയും നീലേശ്വരം പൊലിസിനെതിരേയും ഇപ്പോഴും ബാലകൃഷ്ണന് നിയമപോരാട്ടം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്.
അതേ സമയം ബാലകൃഷ്ണന് ഊരുവിലക്കില്ലെന്നു സി.പി.എം മടിക്കൈ ബ്രാഞ്ച് സെക്രട്ടറി എം.രാജന് പറഞ്ഞു. 2010-ല്‍ എസ്.എന്‍.ഡി.പി ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് പോലിസ് കേസ് നിലവിലുണ്ട്. അല്ലാതെ ഊരുവിലക്കോ ഭീഷണിയോ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."