വയല്‍ക്കിളികളുടെ സമരപ്പന്തല്‍ തീവച്ച സംഭവം: 12 സി.പി.എമ്മുകാര്‍ക്കെതിരേ കേസ്
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ തീവെച്ച സംഭവത്തില്‍ 12 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. എ. ചന്ദ്രബാബു, ടി.വി വിനോദ്, ഈച്ച രാജീവന്‍, അശ്വിന്‍, അര്‍ജുന്‍, മിഥുന്‍, പ്രകാശന്‍, ശ്രീനിവാസന്‍, ശ്രീകാന്ത്, ഗംഗാധരന്‍, അനില്‍, പ്രതീഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
നെല്‍പാടം നികത്തി ബൈപാസ് നിര്‍മിക്കുന്നതിനായി സര്‍വേ നടത്താനെത്തിയവരെ തടയാന്‍ ശ്രമിച്ച വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ പൊലിസ് നോക്കി നില്‍ക്കെയാണ് പന്തല്‍ തകര്‍ത്ത് തീവച്ചത്.
സ്ഥലത്തുണ്ടായിരുന്ന അഗ്‌നിശമനസേന എത്തി തീ അണക്കുമ്പോഴേക്കും പന്തല്‍ കത്തിയമര്‍ന്നിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് തയാറായിരുന്നില്ല.
അതിനിടെ പന്തല്‍കെട്ടിയ വയലിന്റെ ഉടമ മോറാഴയിലെ ചന്തുക്കുട്ടി നമ്പ്യാരും പൊലിസില്‍ പരാതി നല്‍കി. തന്റെ സ്ഥലത്ത് അതിക്രമിച്ച് കയറി പന്തല്‍ കെട്ടുകയായിരുന്നുവെന്നും കത്തിച്ചതില്‍ പരാതിയില്ലെന്നും ഇയാള്‍ പൊലിസിന് എഴുതി നല്‍കിയിട്ടുണ്ട്.
അതിനിടെ വീണ്ടും പന്തല്‍ കെട്ടി പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. വയല്‍ നികത്തരുതെന്നാവശ്യപ്പെട്ട് കോടതിയേയും സമീപിക്കും. കഴിഞ്ഞ ദിവസം ദേശീയപാതാ അധികൃതര്‍ വയല്‍ അളന്ന് കല്ലിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."