യു.കെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ പുറത്താക്കുമെന്ന് റഷ്യ
ലണ്ടന്‍: തങ്ങളുടെ 23 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് ഉടന്‍ തിരിച്ചടിയുണ്ടാവുമെന്ന് റഷ്യ. ഇത്തരത്തിലുള്ള തീരുമാനം പുറത്ത് വിടും മുന്‍പ് വിവരം യു.കെ അധികൃതരെ അറിയിക്കുമെന്ന് റഷ്യന്‍ വദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. ഇങ്ങനെയാണ് മാന്യതയുള്ളവര്‍ പെരുമാറുകയെന്നും അദ്ദേഹംപറഞ്ഞു.
പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഉടന്‍ തിരിച്ചടിയുണ്ടാവുമെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
യു.കെ പ്രധാനമന്ത്രി തെരേസാ മേയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചാരക്കേസുമായി ബന്ധപ്പെട്ട് ഉചിതമായ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥരെ യു.കെ കഴിഞ്ഞ ദിവസം പുറത്താക്കിയത്.
യു.കെയില്‍ താമസിക്കുന്ന സെര്‍ഗെയ് സ്‌ക്രീപലിനും മകള്‍ യൂലിയയ്ക്കും വിഷ ബാധയേറ്റ സംഭവത്തില്‍ റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്ന തീരുമാനം തെരേസാ മേ കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്.
ഒരാഴ്ചക്കുള്ളില്‍ അവരോട് രാജ്യം വിടാനും നിര്‍ദേശിച്ചിരുന്നു. ഇവര്‍ റഷ്യയുടെ അനൗദ്യോഗിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ചാണ് നടപടി. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധികളോ രാജ കുടുംബാംഗങ്ങളോ പങ്കെടുക്കില്ലെന്ന് തെരേസാ മേ വ്യക്തമാക്കിയിരുന്നു.
അതിനിടെ ബ്രിട്ടന് പിന്തുണയുമായി യു.എസ്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്നലെ രംഗത്തെത്തി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചാരന്മാര്‍ക്കെതിരേ യൂറോപ്പില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമാണിതെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ബ്രിട്ടന്റെ പരമാധികാരത്തിനെതിരേയുള്ള അക്രമമാണിത്. ചാരനെതിരേ രാസായുധ ആക്രമണമുണ്ടാവുകയെന്നത് അന്താരാഷ്ട്രനിയമങ്ങള്‍ക്ക് എതിരാണ്. ഇത് ലോകത്തിന് മുഴുവന്‍ ഭീഷണിയാണ്.
വിഷ പ്രയോഗവുമായി ബന്ധപ്പെട്ട് റഷ്യയുടെ നിരുത്തരവാദിത്വ നടപടി ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് അവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ചാരനെ അക്രമിക്കാന്‍ ഉപയോഗിച്ച രാസ വസ്തു രാസായുധ നിരോധന സംഘടനയിലേക്ക് അയക്കുമെന്ന് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
റഷ്യയില്‍നിന്ന് നിര്‍മിക്കുന്ന അപൂര്‍വ രാസ വസ്തുവാണിതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."