മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററുകള്‍ പലതും പ്രവര്‍ത്തനരഹിതം
കോഴിക്കോട്: സൂപ്പര്‍ സ്‌പെഷാലിറ്റി പദവി കാത്തുകഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇപ്പോഴും വേണ്ടത്ര സൗകര്യങ്ങളില്ല. ആവശ്യത്തിന് വെന്റിലേറ്റര്‍ സൗകര്യമില്ലാത്തത് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ബന്ധുക്കളെ വലയ്ക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ നാലു വെന്റിലേറ്ററുകളാണുള്ളത്. ഇതില്‍ ഒരെണ്ണം തകരാറിലായിട്ട് കാലമേറെയായി. ബാക്കിയുള്ള രണ്ടെണ്ണം കാലപ്പഴക്കത്താല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമതയില്ലാത്തവയാണ്.
ഇതിനാല്‍ നാലാമത് ഒരുരോഗി അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തിലെത്തിയാല്‍ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടുന്നത് പതിവായിട്ടുണ്ട്. ഇത്തരം സംഭവങ്ങില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന കഴുത്തറപ്പന്‍ ചാര്‍ജ് രോഗികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
24 മണിക്കൂര്‍ വെന്റിലേറ്റര്‍ സൗകര്യത്തിന് 25,000 രൂപ വരെ വാങ്ങുന്ന സ്വകാര്യ ആശുപത്രികളുണ്ട്. ഇതിന് കഴിയാത്തവര്‍ക്ക് വിധിക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴിയില്ല. വെന്റിലേറ്റര്‍ ആവശ്യമുള്ള ആറ് മുതല്‍ പത്തു വരെ രോഗികള്‍ ഒരു ദിവസം അത്യാഹിത വിഭാഗത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. അത്യാഹിത വിഭാഗത്തേക്കാള്‍ ഗുരതരമാണ് മറ്റു ചികിത്സാ വിഭാഗങ്ങളുടെ അവസ്ഥ. സര്‍ജറി കഴിഞ്ഞ രോഗികളെ പ്രവേശിപ്പിക്കുന്ന ഐ.സി.യുവില്‍ ആറു വെന്റിലേറ്ററുകളാണുള്ളത്.
ഇതില്‍ രണ്ടെണ്ണം മാത്രമാണ് പുതിയത്. നാലെണ്ണത്തിന്റെ കാലാവധി കഴിഞ്ഞെങ്കിലും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സര്‍ജറി കഴിഞ്ഞാല്‍ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരുമെന്ന് സംശയിക്കുന്ന രോഗികളെ സര്‍ജറി നീട്ടിവച്ച് വെന്റിലേറ്റര്‍ ഒഴിവ് വരുന്ന മുറയ്ക്ക് സര്‍ജറിക്ക് വിധേയരാക്കുകയാണിപ്പോള്‍.
മെഡിസിന്‍ ഐ.സി.യുവില്‍ രണ്ടു വെന്റിലേറ്ററാണുള്ളത്. എലിപ്പനി പോലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ ആവശ്യമായിവരും.
കഴിഞ്ഞ വര്‍ഷം എലിപ്പനി മരണം വര്‍ധിച്ചപ്പോള്‍ വെന്റിലേറ്ററുകള്‍ അനുവദിക്കാമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ആയി ഉയര്‍ത്തുമെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുടെ പ്രസ്താവനയും പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."