നയതന്ത്ര പ്രതിസന്ധിക്കിടെ റഷ്യയില്‍ ഇന്ന് വിധിയെഴുത്ത്
മോസ്‌കോ: അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടെ ഇന്ന് റഷ്യ പോളിങ് ബൂത്തിലേക്ക്. പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ നാലാം തവണയും തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പാണെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷം കുറയുമെന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്.
പുടിനു പുറമെ ഏഴു സ്ഥാനാര്‍ഥികളാണ് അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. 2012ല്‍ മൂന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നിടത്താണ് ഇത്തവണ എട്ടു പേര്‍ മത്സരരംഗത്തുള്ളത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേ പ്രകാരം പുടിന് 70 ശതമാനം വോട്ട് ലഭിക്കുമെന്നാണു പ്രവചിക്കപ്പെടുന്നത്. എന്നാല്‍, ഇത് പറ്റെ കുറയുമെന്നും വിലയിരുത്തലുണ്ട്. രണ്ട് കമ്മ്യൂണിസ്റ്റുകള്‍, രണ്ട് അതിദേശീ യതാവാദികള്‍, ഒരു സോഷ്യലിസ്റ്റ്, ഒരു വ്യവസായി, ഒരു ലിബറല്‍ രാഷ്ട്രീയ നേതാവ് എന്നിങ്ങനെയാണ് പുടിനെ എതിരിടുന്ന മറ്റു സ്ഥാനാര്‍ഥികള്‍. ഇതില്‍ ലിബറല്‍ നേതാവും പുടിന്റെ മുന്‍ നേതാവ് അനാട്ടോളി സോബ്ചക്കിന്റെ മകളുമായ സെനിയ സോബ്ചക്ക് ആണു മുന്‍നിരയിലുള്ളത്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയും ശതകോടീശ്വരനുമായ പാവെല്‍ ഗ്രൂഡിനിന്‍, റഷ്യയിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സെമിറ്റിക് വിരുദ്ധ-അതിദേശീയതവാദിയുമായ വ്‌ളാദ്മിര്‍ ഷിറിനോവ്‌സ്‌കി എന്നിവരാണു മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍. രാജ്യത്തെ ഏറ്റവും പ്രമുഖനായ രാഷ്ട്രീയ പ്രവര്‍ത്തകനും പ്രതിപക്ഷ നേതാവുമായ അലെക്‌സി നവാല്‍നി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ പഴി കേട്ടതിനു പിറകെയാണു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ബ്രിട്ടനിലെ ഇരട്ടച്ചാരന്റെ വധശ്രമം നടക്കുന്നത്. ഇതോടെ നാറ്റോ സഖ്യകക്ഷികള്‍ അടക്കം അന്താരാഷ്ട്ര സമൂഹം റഷ്യയ്‌ക്കെതിരേ ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."