റഷ്യ വിധിയെഴുതി; ഫലം ഇന്ന്
മോസ്‌കോ: അന്താരാഷ്ട്രതലത്തിലുള്ള നയതന്ത്ര ഉപരോധനീക്കങ്ങള്‍ക്കിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ജനത വിധിയെഴുതി. പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് നാലാം ഊഴത്തിന് അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ തെരഞ്ഞെടുപ്പില്‍ മന്ദഗതിയിലുള്ള പോളിങ്ങാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം വൈകിട്ട് ആറിന് പോളിങ് ശതമാനം 50 കടന്നതായാണ് അവസാനമായി ലഭിക്കുന്ന വിവരം.
ആകെ 111 മില്യന്‍ ജനങ്ങള്‍ക്കു സമ്മതിദാനാവകാശമുള്ളതില്‍ 51.9 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി റഷ്യയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിങ് ബൂത്തുകളില്‍ ക്രമക്കേട് നടന്നതായി ആരോപണവുമായി വിവിധ പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി. ഇക്കാര്യം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷിന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. ആദ്യഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അടുത്ത മാസം എട്ടിനു രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.
പുടിനു പുറമെ ഏഴു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 2012ല്‍ മൂന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നിടത്താണ് ഇത്തവണ എട്ടു പേര്‍ മത്സരിക്കുന്നത്. പുടിന് 70 ശതമാനം വോട്ട് ലഭിക്കുമെന്നാണ് അവസാനമായി പുറത്തുവന്ന അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. ലിബറല്‍ നേതാവും പുടിന്റെ മുന്‍ രാഷ്ട്രീയഗുരു അനാട്ടോളി സോബ്ചക്കിന്റെ മകളുമായ സെനിയ സോബ്ചക്ക് ആണ് പുടിനെതിരേ മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."